എത്ര പരാജയപ്പെട്ടാലും ദുബെയ്ക്ക് അവസരങ്ങൾ, സഞ്ജു പുറത്ത് തന്നെ. വിമർശനവുമായി ആരാധകർ.

2024 ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 മത്സരത്തിൽ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്ക്ക് വലിയ തലവേദനകൾ നിലവിലുണ്ട്. പ്രധാനമായും ഇന്ത്യയുടെ ബാറ്റർമാരുടെ കാര്യത്തിലാണ് വലിയ രീതിയിലുള്ള ആശങ്കകൾ നിലനിൽക്കുന്നത്. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഇതുവരെ ഈ ടൂർണമെന്റിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല.

മധ്യനിരയിൽ ഇന്ത്യയ്ക്ക് തലവേദനയായുള്ളത് ശിവം ദുബയുടെ മോശം പ്രകടനങ്ങളാണ്. അമേരിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 35 പന്തുകളിൽ 31 റൺസ് എടുത്ത ദുബെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. പക്ഷേ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ദുബെ വീണ്ടും പരാജയപ്പെടുന്നതാണ് കണ്ടത്. 7 പന്തുകൾ നേരിട്ട ദുബെ മത്സരത്തിൽ 10 റൺസ് മാത്രമാണ് നേടിയത്.

എന്നാൽ ഇത്തരത്തിൽ തുടർച്ചയായി ദുബെ നിറംമങ്ങിയിട്ടും ഇന്ത്യ പകരക്കാരനായി സഞ്ജു സാംസനെ ടീമിൽ പരീക്ഷിക്കാൻ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരം മോശം പ്രകടനങ്ങൾ ആവർത്തിച്ചിട്ടും ദുബെയെ തന്നെ ഇന്ത്യ കളിപ്പിക്കുന്നത് എന്ന ചോദ്യം ഇതിനോടകം തന്നെ ആരാധകരിൽ നിന്ന് ഉയർന്നിട്ടുണ്ട്.

22ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ രണ്ടാം മത്സരം നടക്കുന്നത്. ഈ മത്സരത്തിലെങ്കിലും ഇന്ത്യ സഞ്ജു സാംസനെ ഉൾപ്പെടുത്താൻ തയ്യാറാവണം എന്ന ആവശ്യം മുമ്പിലേക്ക് വെച്ചാണ് ആരാധകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിനുള്ള സാധ്യതകൾ വളരെ കുറവാണ് എന്ന രോഹിത് ശർമയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്.

മത്സരങ്ങളിൽ സാഹചര്യങ്ങൾ മാത്രം കണക്കിലെടുത്താണ് പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത് എന്ന് രോഹിത് ശർമ പറഞ്ഞിരുന്നു. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ച് ആയതിനാൽ മാത്രമാണ് മത്സരത്തിൽ കുൽദീപിനെ ഉൾപ്പെടുത്തിയതെന്നും രോഹിത് കൂട്ടിച്ചേർത്തു. ഒരുപക്ഷേ പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചായിരുന്നുവെങ്കിൽ അതിനനുസരിച്ച് ടീമിൽ മാറ്റം വരുത്തിയേനെ എന്നാണ് രോഹിത് വ്യക്തമാക്കിയത്. ഇതേസമയം ബാറ്റിംഗിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി രോഹിത് ശർമ സംസാരിച്ചു പോലുമില്ല. ശിവം ദുബെയുടെ മോശം ഫോമിനെ പറ്റിയും മത്സരശേഷം സംസാരിക്കാൻ രോഹിത് ശർമ തയ്യാറായില്ല.

ഋഷഭ് പന്തിന് ശേഷം ഇന്ത്യയ്ക്ക് ഇടംകയ്യൻ ബാറ്ററായി ഉപയോഗിക്കാൻ പറ്റുന്ന താരം എന്ന നിലയ്ക്കാണ് ദുബെയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സറുകൾ കൊണ്ട് കൊട്ടാരം തീർത്ത പാരമ്പര്യമാണ് ദുബെയ്ക്കുള്ളത്. പക്ഷേ ഇത് ഇന്ത്യൻ പിച്ചുകളിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന് സംശയം ലോകകപ്പ് ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു. ഇതുവരെയുള്ള ദുബെയുടെ പ്രകടനം പുറത്തെടുത്താൽ ഇത് അച്ചട്ടാവുന്നതാണ് കാണുന്നത്.

ഒരു ഓൾറൗണ്ടർ എന്ന നിലയിൽ കുറച്ച് ഓവറുകൾ പന്തറിയാൻ സാധിക്കുമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇന്ത്യ ദുബെയെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ ഇതുവരെ 4 കളികളിൽ ഒരോവർ മാത്രമാണ് ദുബെ ബോൾ ചെയ്തത്. ഈ കാരണത്താൽ തന്നെയാണ് സഞ്ജു സാംസന് അവസരം നൽകണമെന്ന് ആരാധകർ കൂടുതലായി ആവശ്യപ്പെടുന്നത്.

Previous articleകോഹ്ലിയുടെ റെക്കോർഡിനൊപ്പം സൂര്യകുമാർ. വേണ്ടിവന്നത് വിരാട് കോഹ്ലിയുടെ പകുതി മത്സരങ്ങൾ.
Next articleത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക. ആവേശ വിജയം 7 റൺസിന്.