ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്നും ഇത്തവണ രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയ താരമാണ് ചഹൽ. എന്നാൽ ബാംഗ്ലൂരിൽ കളിക്കുന്നതിന് മുമ്പ് 2013ൽ താരം മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിൽ തൻ്റെ സഹതാരങ്ങളും ആയിട്ടുള്ള ചർച്ചയിൽ അധികമാരുമറിയാത്ത സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ മദ്യപിച്ചെത്തിയ സഹതാരം തന്നെ ബാൽക്കണിയിൽ തൂക്കിയിട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സത്യം ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
“എൻ്റെ കഥ ചില ആളുകൾക്ക് അറിയാം. ഇതിനുമുൻപ് ഇക്കാര്യം ആരുമായും പങ്കുവെച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ ബാംഗ്ലൂരിൽ മത്സരം നടക്കുന്ന സമയമായിരുന്നു. അതിനുശേഷം ഒരു കൂടിച്ചേരൽ ഉണ്ടായിരുന്നു. വളരെയധികം മദ്യപിച്ച ഒരു സഹതാരം എന്നെ വിളിച്ചു കൊണ്ടുപോയി. പുറത്തു ബാൽക്കണിയിൽ നിന്ന് തൂക്കിയിട്ടു. ഞാൻ അപ്പോൾ അയാളെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.
കെട്ടിടത്തിലെ പതിനഞ്ചാം നിലയിലായിരുന്നു ഞങ്ങൾ അപ്പോൾ ഉണ്ടായിരുന്നത്. പെട്ടെന്ന് മറ്റുള്ളവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നു പോയി. തുടർന്ന് അവർ കുടിക്കാൻ വെള്ളം തന്നു. അപ്പോൾ അവിടെ ചെറിയ രീതിയിലെങ്കിലും പിഴവ് വന്നിരുന്നെങ്കിൽ ഞാൻ താഴെ വീഴുമായിരുന്നു. ആ കളിക്കാരൻ്റെ പേര് ഞാൻ പറയുന്നില്ല.”-ചഹൽ പറഞ്ഞു.
ആ സീസണിൽ മാത്രമാണ് താരം മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചത്. ആകെ ഒരു മത്സരത്തിൽ മാത്രമാണ് താരം മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. പിന്നീട് താരം ബാംഗ്ലൂരിലേക്ക് കൂടുമാറി.