നൂറാം ടെസ്റ്റിൽ സെഞ്ച്വറി അടിച്ച് നായകൻ റൂട്ട് : കൂടെ സ്വന്തമാക്കിയത് അപൂർവ റെക്കോർഡുകൾ

തന്റെ കരിയറിലെ നൂറാം ക്രിക്കറ്റ്  ടെസ്റ്റിൽ സെഞ്ച്വറി നേട്ടവുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യ : ഇംഗ്ലണ്ട്  ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം തന്റെ പേരിലാക്കി . ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സിൽ  നേരിട്ട 164ആം പന്തിലാണ് റൂട്ടിന്‍റെ സെഞ്ച്വറി. തുട‍ർച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് നായകൻ സെഞ്ച്വറി നേടുന്നത്.

നേരത്തെ ലങ്കൻ പര്യടനത്തിൽ ശ്രീലങ്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടിയ  റൂട്ട് അതെ ബാറ്റിംഗ് മികവ്  ചെന്നൈയിലും ഇന്ത്യക്ക് എതിരെ  ആവർത്തിക്കുകയായിരുന്നു . നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ  ഒൻപതാമത്തെ ബാറ്റ്സ്മാനാണ് ജോ റൂട്ട്.കോളിൻ കൗഡ്രേ, ജാവേദ് മിയാൻദാദ്, ഗോ‍ർഡൻ ഗ്രീനിഡ്ജ്, അലെക് സ്റ്റുവർട്ട്, ഇൻസമാമുൽ ഹഖ്, റിക്കി പോണ്ടിംഗ്, ഗ്രേം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുൻപ് നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരങ്ങൾ.അതിൽ തന്നെ ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിങ് നൂറാം ടെസ്റ്റിലെ 2 ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു .

അതേസമയം  ടെസ്റ്റ് ക്രിക്കറ്റിലെ  ഒരു അപൂർവ നേട്ടവും റൂട്ടിനെ തേടി നൂറാം ടെസ്റ്റിലെ ബാറ്റിങിനിടെ എത്തി .ടെസ്റ്റിലെ  98. 99, 100 ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ ഇരുപതാം സെഞ്ചുറിയാണ് റൂട്ട്  ചെന്നൈയില്‍ ഇന്ത്യക്ക് എതിരെ  നേടിയത്.

Previous articleബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് റൂട്ട് : ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ സ്‌കോറിൽ
Next articleഅവരും മനുഷ്യരാണ് അവർക്കും വിശ്രമം വേണം :ഐപിഎല്ലിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് രണ്ടാഴ്ചത്തെ വിശ്രമം അനിവാര്യമെന്ന് രവി ശാസ്ത്രി