ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് റൂട്ട് : ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ സ്‌കോറിൽ

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്  ടെസ്റ്റിന്റെ  ആദ്യ ദിനം  ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്  ആധിപത്യം.ചെന്നൈയിലെ  ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ  മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 263 റണ്‍സെടുത്തിട്ടുണ്ട്. നൂറാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് സെഞ്ചുറിയോടെ (128) ക്രീസിലുണ്ട്.  ഓപ്പണർ ഡോമിനിക് സിബ്ലി (87)യാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റ്സമാന്‍. ജസ്പ്രീത് ബുമ്രയെറിഞ്ഞ  ഇന്നത്തെ കളിയുടെ അവസാന ഓവറിലാണ് താരം പുറത്തായത്. ഇതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.  മറ്റൊരു ഓപ്പണർ ആയ റോറി ബേണ്‍സ് (33), ഡാനിയേല്‍ ലോറന്‍സ് (0) എന്നിവരുടെ വിക്കറ്റുകളും  ഇംഗ്ലണ്ടിന് നഷ്ടമായി.ഇന്ത്യക്കായി പേസർ  ബുമ്ര രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിന് ആശിച്ച തുടക്കമാണ് ഇംഗ്ലണ്ട് ഓപ്പണേഴ്‌സ് നൽകിയത് .
എന്നാൽ  24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്റെ കൈകളിലെത്തിച്ചു. 60 പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 33 റണ്‍സായിരുന്നു ബേണ്‍സിന് നേടാനായത്. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലണ്ട് ടീം  63 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയേല്‍ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസേ പേസർ ബുംറ അനുവദിച്ചുള്ളൂ. ബുമ്രയുടെ ഒന്നാന്തമൊരു ഇന്‍ സ്വിങ്ങറില്‍ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി പൂജ്യത്തില്‍ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലായി. ഇംഗ്ലണ്ട്  2 വിക്കറ്റ് നഷ്ടത്തിൽ  67ല്‍ നില്‍ക്കേ ആദ്യ സെഷന്‍ അവസാനിച്ചു.

എന്നാൽ  നാലാമനായി ക്രീസിലെത്തിയ നായകൻ റൂട്ട് ലങ്കക്ക് എതിരായ ബാറ്റിംഗ് ഫോം ആവർത്തിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും ഇന്ത്യൻ ബൗളിങ്ങിനെ കണക്കിന് പ്രഹരിച്ചു .
ക്രീസിലെത്തിയ ഉടന്‍ ഏകദിന ശൈലിയില്‍ അതിവേഗം സ്കോര്‍ ചെയ്ത റൂട്ട് തന്‍റെ നൂറാം ടെസ്റ്റില്‍ നൂറടിച്ച് ഇംഗ്ലണ്ടിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. 98, 99, 100 ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരിലാക്കി.

197 പന്തില്‍ 14 ബൗണ്ടറികളുടെയും ഒരു സിക്സിന്‍റേയും സഹായത്തോടെയാണ് താരം   128 റണ്‍സെടുത്തത്. നായകൻ  റൂട്ടിന്‍റെ 20ാം ടെസ്റ്റ് കരിയറിലെ  സെഞ്ചുറിയാണിത്.  സിബ്ലിക്കൊപ്പം 200 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. 286 പന്തില്‍ 12  ബൗണ്ടറിയുടെ  സഹായത്തോടെയാണ് സിബ്ലി  87  റണ്‍സെടുത്തത്. ഒന്നാം ദിനത്തെ അവസാന ഓവറിൽ താരം പുറത്തായത് ഇംഗ്ലണ്ട് ക്യാമ്പിന് തിരിച്ചടിയായി .