നിലവിൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലെയും നായകനാണ് രോഹിത് ശർമ. വലിയ ടൂർണമെന്റ്കളിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യയ്ക്കായി വളരെ മികച്ച പ്രകടനം തന്നെയാണ് രോഹിത് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ നായകറോൾ വഹിക്കുന്നതിനെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
ഏറ്റവും പ്രയാസമേറിയ ജോലികളിൽ ഒന്നാണ് ഇന്ത്യൻ ടീമിന്റെ നായകനാവുക എന്ന് രോഹിത് ശർമ പറഞ്ഞു. എല്ലായിപ്പോഴും ടീമിലെ സഹതാരങ്ങളെ തനിക്കൊപ്പം നിർത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും, അത് ടീമിന് പലപ്പോഴും ഗുണം ചെയ്തിട്ടുണ്ട് എന്നും രോഹിത് പറയുന്നു.
കൃത്യമായ റോളുകൾ എല്ലാ കളിക്കാർക്കും ബോധ്യപ്പെടുത്തി നൽകുക എന്നതാണ് ഒരു ക്യാപ്റ്റന്റെ പ്രാഥമിക കർത്തവ്യം എന്നാണ് രോഹിത്തിന്റെ അഭിപ്രായം.
“എന്താണ് ഒരു ടീമിലെ ഓരോ താരങ്ങളും ചെയ്യേണ്ടതെന്ന് അവരെ ബോധിപ്പിക്കുക എന്നതാണ് ഒരു നായകന്റെ പ്രധാനപ്പെട്ട ജോലി കാരണം ഓരോ കളിക്കാരും വ്യത്യസ്തമായ മാനസികാവസ്ഥയിലൂടെയാണ് ടീമിലേക്ക് എത്തുന്നത്. അവർക്ക് എന്താണോ ചെയ്യാൻ താല്പര്യം, അത് ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുത ന്നെയാണ് ടീമിലേക്ക് എല്ലാവരും വരുമ്പോൾ അവരോട് കൂടുതൽ സമയം സംസാരിക്കാറുള്ളത്.”
“കാരണം ഇതൊരു ടീം മത്സരമാണ്. സഹതാരങ്ങൾക്കൊക്കെയും സ്വാതന്ത്ര്യവും പ്രാധാന്യവും നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ച് അതൊരു പ്രധാനപ്പെട്ട കാര്യമാണ്. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റ് ചെയ്യുന്ന ഒരു താരം 10 പന്തുകൾ മാത്രമേ കളിച്ചുള്ളൂവെങ്കിലും അതൊരു പ്രശ്നമല്ല. അങ്ങനെയായിരുന്നാലും മത്സരം നമുക്കായി വിജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.”
“ഇത്തരം താരങ്ങളുടെ ആത്മവിശ്വാസം വളരാൻ അത് പ്രധാനമാണ്. കാരണം ഒരു മത്സരത്തിൽ ടീമിലുള്ള 11 പേരും അവരുടെ ഏറ്റവും മികച്ച പ്രകടനം നൽകണം എന്നാണ് നമ്മുടെ ആവശ്യം. ടീമിന്റെ വിജയത്തിൽ എല്ലാവരുടെയും സംഭാവനകൾ അനിവാര്യമാണ്.”- രോഹിത് പറഞ്ഞു.
“ഞാൻ എല്ലായിപ്പോഴും കളിക്കാരുടെ മുറിയിലേക്ക് എത്തുകയും, വ്യക്തിപരമായി എല്ലാവരോടും സംസാരിക്കുകയും, അവർക്കൊപ്പം രാത്രി ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഞാൻ അവരുടെ അടുത്തു ചെന്ന് സംസാരിച്ചില്ലെങ്കിൽ അത് അവർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു.”
“ടീമിലുള്ള എല്ലാവരെയും ഒരേ പോലെ കാണാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ താരങ്ങൾക്കും ഒരേ പ്രാധാന്യം നൽകുക. എന്താണ് അവരുടെ ടീമിലെ റോൾ എന്ന കാര്യത്തിൽ കൃത്യമായ ഒരു വ്യക്തത നൽകാൻ തയ്യാറാവുക.”- രോഹിത് കൂട്ടിച്ചേർത്തു.
“എപ്പോഴെങ്കിലും അവർക്ക് ടീമിൽ നിന്ന് പുറത്താക്കപ്പെടും എന്നൊരു ആലോചന വന്നാൽ, ആ സമയത്താണ് എന്റെ റോൾ തുടങ്ങുന്നത്. അങ്ങനെയുള്ള സമയത്ത് ഞാൻ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനാണ് ശ്രമിക്കേണ്ടത്. അവർക്ക് ആത്മവിശ്വാസം നൽകുന്നതിനൊപ്പം അവരുടെ കയ്യിലാണ് മുൻപോട്ടുള്ള കാര്യങ്ങൾ എന്ന ബോധ്യം ഉണ്ടാക്കിയെടുക്കണം.”
“ഇത്തരം കാര്യങ്ങളിലാണ് ഞാൻ കൂടുതലായി ശ്രദ്ധ ചെലുത്തുന്നത്. യഥാർത്ഥത്തിൽ ഇതൊരു വളരെ പ്രയാസകരമായ ജോലി തന്നെയാണ്.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുന്നു.