ഫൈനലില്‍ ഇന്ത്യയുടെ കണ്ണീര്‍ വീണു. അണ്ടര്‍-19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് കിരീടം.

india vs australia

2024 അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് പരാജയം. ശക്തരായ ഓസ്ട്രേലിയൻ ടീമിനോട് 79 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതുവരെ ഈ ടൂർണമെന്റിൽ പരാജയമറിയാതെ വന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടി തന്നെയാണ് മത്സരത്തിലെ തോൽവി.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സീനിയർ ടീമും ഓസ്ട്രേലിയൻ ടീമിനെതിരെയായിരുന്നു ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയത്. അതിനെ അനുസ്മരിപ്പിക്കുന്ന മറ്റൊരു പരാജയമാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പല താരങ്ങളും മോശം പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ പരാജയമറിഞ്ഞത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്ക് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർ ഡിക്സൺ നൽകിയത്. 42 റൺസ് സ്വന്തമാക്കാൻ ഡിക്സണ് സാധിച്ചു. ശേഷം ഓസ്ട്രേലിയയുടെ മധ്യനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

64 പന്തുകളിൽ 55 റൺസ് നേടിയ ഇന്ത്യൻ വംശജൻ ഹർജാസ് സിംഗാണ് ഓസ്ട്രേലിയൻ ഇന്നിങ്സിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഒപ്പം നായകൻ വീഗെൻ 48 റൺസും ഒലിവർ പിക് 46 റൺസും സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഓസ്ട്രേലിയൻ സ്കോർ കുതിക്കുകയായിരുന്നു.

നിശ്ചിത 50 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മറുവശത്ത് ഇന്ത്യൻ ബോളിങ് നിരയിൽ തിളങ്ങിയത് രാജ് ലിംബാനിയാണ്. മത്സരത്തിൽ 38 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ലിംബാനിക്ക് സാധിച്ചു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

തിവാരി രണ്ട് വിക്കറ്റുകൾ നേടി മികച്ച പിന്തുണയും നൽകി. 254 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി. ഓപ്പണർ അർഷിൻ കുൽകർണിയുടെ(3) വിക്കറ്റ് ഇന്ത്യക്ക് ആദ്യമേ നഷ്ടമായി. പിന്നീട് പതിയെ സ്കോർ ഉയർത്താനാണ് ആദർശ് സിങ്ങും മുഷീർ ഖാനും ശ്രമിച്ചത്. എന്നാൽ കുറഞ്ഞ സ്കോറിങ് റേറ്റ് ഇന്ത്യയെ ബാധിച്ചു.

പിന്നാലെ ഓസ്ട്രേലിയ കൃത്യമായി വിക്കറ്റുകൾ കണ്ടെത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഓപ്പണർ ആദർശ് സിംഗ് 47 റൺസും, മുഷീർ 22 റൺസും നേടി. ശേഷം ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഇന്ത്യ തകർന്നു.

വാലറ്റത്ത് 42 റൺസ് നേടിയ മുരുകൻ അഭിഷേക് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറ്റു ബാറ്റർമാർ പരാജയപ്പെട്ടതോടെ ഇന്ത്യ കേവലം 174 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ രീതിയിൽ തന്നെയാണ് ടൂർണമെന്റ് അവസാനിച്ചിരിക്കുന്നത്.

Scroll to Top