ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിന് എതിരെ ജയം സ്വന്തമാക്കി സീസണിലെ രണ്ടാം ജയം നേടി എതിരാളികൾക്ക് എല്ലാം ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുകയാണ് കെയ്ൻ വില്യംസൺ നായകനായ ഹൈദരാബാദ് ടീം. ബൗളിംഗ് നിരയുടെ മികച്ച പ്രകടനവും ബാറ്റിങ് നിരയുടെ സ്ഥിരതയുമാണ് ഹൈദരാബാദ് ടീമിന് നൽകുന്ന ആശ്വാസം. ഇന്നലെ നടന്ന മത്സരത്തിലും എല്ലാ ഹൈദരാബാദ് ആരാധകരെയും വിഷമത്തിലാക്കിയത് സീനിയർ പേസർ ഭുവനേശ്വർ കുമാറാണ്.
ഇന്നലെ ആദ്യത്തെ ഓവറിൽ തന്നെ 17 റൺസ് വഴങ്ങിയ ഭുവി തന്റെ ലൈനും ലെങ്ത്തും കൈവരിക്കാൻ ബുദ്ധിമുട്ടുന്നത് കാണാൻ സാധിച്ചു.ഒന്നിലേറെ വൈഡ് അടക്കം 17 റൺസ് വഴങ്ങിയ താരം തന്റെ ഒന്നാമത്തെ ഓവർ പൂർത്തിയാക്കാൻ എടുത്തത് 9 ബോളുകൾ. ഇതോടെ അപൂർവ്വമായ ഒരു നാണക്കേടിന്റെ റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ് ഭുവി ഇപ്പോൾ. ആദ്യ ഓവറിലെ ആദ്യ പന്ത് മാത്യു വേഡിന്റെ എഡ്ജില്‍ തട്ടി സെക്കന്റ് സ്ലിപ്പിലൂടെ ബൗണ്ടറി. രണ്ടാം പന്ത് ലെഗ് സൈഡില്‍ വൈഡായപ്പോള്‍ കീപ്പര്‍ നിക്കോളാസ് പുരാന് കൈയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറിയും പോയി. ആദ്യ പന്തില്‍ത്തന്നെ ഒമ്പത് റണ്‍സുകളാണ് ഗുജറാത്തിന് ലഭിച്ചത്
ഐപിൽ ചരിത്രത്തിൽ ഓവറിൽ ഏറ്റവും അധികം പന്തുകൾ എറിഞ്ഞ ബൗളറുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഭുവി ഇപ്പോൾ. ഒരു ഇന്നിങ്സിലെ ഓവർ പൂർത്തിയാക്കാൻ ഒൻപത് ബോളുകൾ എറിയേണ്ടി വന്നവരുടെ ലിസ്റ്റിലേക്കാണ് പേസർ ഭുവി എത്തിയത്. മുൻപ് ഈ നാണക്കേടിന്റെ പട്ടികയിലേക്ക് എത്തിയവർ ശ്രീശാന്ത്, ഷമി, ഡർക്ക് നാനസ്,സഹീർ ഖാൻ, ഷോൺ ടൈറ്റ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ, നവാൻ കുലശേഖര എന്നിവരാണ്.
ആദ്യമായി ഈ നാണക്കേടിന്റെ റെക്കോർഡിന് ഐപിഎല്ലിൽ അവകാശിയായത് മലയാളി താരമായ ശ്രീശാന്ത് തന്നെയാണ്. 2008ലെ ശ്രീ ആദ്യത്തെ ഓവർ എറിയാൻ ഒൻപത് ബോൾ എടുത്തത്. അതേസമയം സീസണിൽ അത്ര മികച്ച ഫോമിലല്ല താരം. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഒരു സ്ഥാനം ആഗ്രഹിക്കുന്ന താരത്തിന് ഈ ഐപിൽ നിർണായകമാണ്.