ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കക്ക് വിജയം. കട്ടക്കില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 18.2 ഓവറില്‍ വിജയം മറികടന്നു. 46 പന്തില്‍ 81 റണ്‍സുമായി ഹെന്‍റിച്ച് ക്ലാസനായിരുന്നു സൗത്താഫ്രിക്കന്‍ വിജയ ശില്പി.
വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയിലെ സ്വിങ്ങ് കണ്ടെത്തിയ ഭുവി സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ വലച്ചു. പവര്‍പ്ലേയില്‍ 3 വിക്കറ്റായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നേടിയത്. ആദ്യ ഓവറില്‍ തന്നെ റീസെ ഹെന്‍റിക്സിനെ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
തന്‍റെ രണ്ടാം ഓവറില്‍ പ്രിട്ടോറിയൂസിനെ ആവേശ് ഖാന്‍റെ കൈകളില്‍ എത്തിച്ചു. മൂന്നാം ഓവറില്‍ വാന്‍ ഡര്‍ ദസ്സനെ ബൗള്‍ഡാക്കിയാണ് ഭുവനേശ്വര്‍ കുമാര്‍ തന്‍റെ ആദ്യ സ്പെല്‍ പൂര്‍ത്തിയാക്കിയത്. അവസാന നിമിഷം പന്തെറിയാനെത്തിയ താരം പാര്‍ണെലിനെ ബൗള്‍ഡാക്കി തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കി മടങ്ങി.
മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് നേടിയത്. ഒരു ടി20 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയിലും ഏറ്റവും മികച്ച ബോളിംഗ് എന്ന റെക്കോഡിനും ഭുവി അര്‍ഹനായി.