ഐപിൽ പതിനാലാം സീസണിൽ വീണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് തോൽവി ഇന്നലെ ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 55 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ റോയൽസ് ടീം ഹൈദരബാദ് എതിരെ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഓപ്പണർ ജോസ് ബട്‌ലറുടെ (64 പന്തില്‍ 124) സെഞ്ചുറിയുടെ കരുത്തില്‍ 220 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33 പന്തില്‍ 48 റണ്‍സ് നേടി രണ്ടാം വിക്കറ്റിൽ ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി .മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ ബൗളിങ്ങിൽ തിളങ്ങി .ജോസ് ബട്ട്ലർ തന്നെയാണ് കളിയിലെ കേമൻ .
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഫോം വീണ്ടെടുത്ത ബട്ട്ലർ തുടക്കത്തിൽ ബൗണ്ടറികൾ നേടുവാൻ ഏറെ വിഷമിച്ചു എങ്കിലും പിന്നീട് തന്റെ ഷോട്ടുകൾ കളിച്ച താരം അനായാസം രാജസ്ഥാൻ റോയൽസ് സ്കോറിങ് ഉയർത്തി .64 പന്തില്‍ 124 റൺസ് അടിച്ച ജോസ് ബട്ട്ലർ 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 193.75 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റേന്തിയത് .ഐപിൽ കരിയറിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടമാണിത് .
അതേസമയം മത്സരശേഷം ബട്ട്ലർ പറഞ്ഞ വാക്കുകളാണിപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത് .തന്റെ ആദ്യ ഐപിൽ സെഞ്ച്വറിയെക്കുറിച്ചും മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ അലിസ്റ്റർ കുക്കുമായുള്ള വളരെ രസകരമായ ഒരു തര്‍ക്കത്തെക്കുറിച്ചും താരം മനസ്സ് തുറക്കുകയാണിപ്പോൾ .”‘ഞാന്‍ എന്റെ കരിയറില്‍ കൂടുതലും മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. അതിനാൽ്‍ സെഞ്ച്വറി നേടുക എളുപ്പമായിരുന്നില്ല. മുൻപ് ടോപ് ഓഡറില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ഞാൻ ഇപ്പോൾ ഓപ്പണിങ് ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു .ഇപ്പോള്‍ അലിസ്റ്റർ കുക്കിന്റെ വായടപ്പിക്കാന്‍ എനിക്കാവും. നേരത്തെ എന്നെക്കാള്‍ ഒരു ടി20 സെഞ്ച്വറി കൂടുതലാണെന്ന് എപ്പോഴും കുക്ക് പറയുമായിരുന്നു .അതിനുള്ള ഉത്തരമാണ് ഈ സെഞ്ച്വറി ” ബട്ട്ലർ വാചാലനായി .