ബംഗ്ലാദേശിനെതിരെ ചരിത്ര വിജയവുമായി സിംബാബ്‌വെ. കടുവകളെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി.

ബംഗ്ലാദേശിനെതിരെ ടി20 പരമ്പര വിജയവുമായി സിംബാബ്‌വെ. ഒരോ മത്സരം വിജയിച്ച് മൂന്നാം മത്സരത്തിനായി എത്തിയ ഇരു ടീമും ഹരാരയില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 റണ്‍സിന്‍റെ വിജയമാണ് ആതിഥേയര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 157 റണ്‍സ് വിജയലക്ഷ്യം ഒരുക്കിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനു 146 റണ്‍സ് മാത്രമാണ് നേടാനായത്.

67 ന് 6 എന്ന നിലയിലായിരുന്ന സിംബാബ്‌വെയെ റയാന്‍ ബേളിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 15ാം ഓവറില്‍ നുസം അഹമ്മദിനെതിരെ 34 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു സിക്സും 1 ഫോറുമാണ് താരം നേടിയത്. മത്സരത്തില്‍ 28 പന്തില്‍ 2 ഫോറും 1 സിക്സുമായി 54 റണ്‍സാണ് താരം നേടിയത്. ഏഴാം വിക്കറ്റില്‍ ലൂക്ക് ജോങ്ങ്വെയുമായി(35) 31 പന്തില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്തു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 27 പന്തിൽ 39 റൺസ് നേടിയ അഫീഫ് ഹൊസൈൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. തുടക്കത്തിലേ 3 വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനു മത്സരത്തിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായിരുന്നില്ലാ.

343544

സിംബാബ്‌വെയ്ക്ക് വേണ്ടി വിക്ടർ ന്യോചി മൂന്ന് വിക്കറ്റും ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റും നേടി. ടി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‌വെയുടെ ആദ്യ പരമ്പര വിജയമാണിത്. കൂടാതെ ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഒരു ടി20 പരമ്പര സിംബാബ്‌വെ നേടുന്നത്. നേരത്തെ ലോകകപ്പ് ക്വാളിഫയറിൽ ഫൈനലിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് സിംബാബ്‌വെ യോഗ്യത നേടിയിരുന്നു.