ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ സ്ലിപ്പ് ക്യാച്ച് സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ പുറത്താക്കാനാണ് കോഹ്ലി ഈ തകർപ്പൻ ഡൈവിങ് ക്യാച്ച് സ്വന്തമാക്കിയത്. ഈ ക്യാച്ചോടെ അപകടകാരിയായ മിച്ചൽ മാർഷ് കൂടാരം കയറുകയാണ് ഉണ്ടായത്. മത്സരത്തിൽ ഒരു മികച്ച തുടക്കമാണ് ഇതോടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ജസ്‌പ്രീറ്റ് ബൂമ്രയ്ക്കാണ് മിച്ചൽ മാർഷിന്റെ വിക്കറ്റ് ലഭിച്ചത്. ഒരു തകർപ്പൻ ബോളിങ് പ്രകടനമാണ് ഇന്ത്യ തുടക്കത്തിൽ തന്നെ കാഴ്ചവയ്ക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ മൂന്നാം ഓവറിലാണ് ബൂമ്ര വിക്കറ്റ് സ്വന്തമാക്കിയത്. മൂന്നാം ഓവറിലെ രണ്ടാം പന്ത് ഒരു ലെങ്ത് ബോളായി ആണ് ബുമ്ര എറിഞ്ഞത്. എന്നാൽ ബൂമ്രയുടെ എക്സ്ട്രാ ബൗൺസിനെ നിർണയിക്കുന്നതിൽ മിച്ചൽ മാർഷ് പരാജയപ്പെടുകയായിരുന്നു. ബോൾ മിച്ചർ മാർഷിന്റെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും സ്ലിപ്പിലേക്ക് ചലിക്കുകയും ചെയ്തു. തന്റെ ഇടതുവശത്തേക്ക് ഒരു തകർപ്പൻ ഡൈവിംഗ് നടത്തി കോഹ്ലി പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ ആദ്യ വിക്കറ്റ് ലഭിച്ചു.
ഈ വിക്കറ്റോടെ ചെന്നൈ സ്റ്റേഡിയത്തിലെ കാണികളടക്കം എല്ലാവരും അങ്ങേയറ്റം ആവേശത്തിലായിട്ടുണ്ട്. മത്സരത്തിൽ 6 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് ഒരു റൺ പോലും നേടാതെയാണ് കൂടാരം കയറിയത്. ഇന്ത്യയുടെ പേസർമാർക്കെതിരെ ഓസ്ട്രേലിയൻ ബാറ്റർമാർ പതറുന്നതാണ് മത്സരത്തിന്റെ തുടക്കത്തിൽ കാണുന്നത്. എന്നിരുന്നാലും തകർപ്പൻ ബാറ്റിംഗ് നിര തന്നെയാണ് നിലവിൽ ഓസ്ട്രേലിലേക്കുള്ളത്. അതിനാൽ ഇന്നിംഗ്സിലുടനീളം ബോളർമാർ മികവ് പുലർത്തേണ്ടത് ഇന്ത്യയുടെ ആവശ്യം തന്നെയാണ്.
മുൻപ് മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനപ്പെട്ട ഒരു മാറ്റവുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓപ്പണർ ശുഭമാൻ ഗില്ലിന് പകരം ഇഷാൻ കിഷനാണ് മത്സരത്തിൽ കളിക്കുന്നത്. മുൻപ് ഗില്ലിന് ഡെങ്കി പോസിറ്റീവായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമൂലമാണ് മത്സരം ഗില്ലിന് നഷ്ടമായത്. ഒപ്പം സൂര്യകുമാർ യാദവും ഇന്ത്യയുടെ നിരയിൽ ഉൾപ്പെടുന്നില്ല. എന്നാൽ രവിചന്ദ്രൻ അശ്വിൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവർ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ആദ്യമത്സരത്തിൽ ഒരു ശക്തമായ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.