ഐപിഎല്ലിൽ അച്ചടക്കലംഘനത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണക്കും മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറക്കും പണികിട്ടി. റാണക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും, ബുംറക്ക് താക്കീതും ആണ് ലഭിച്ചത്. ഇരുവരും ഐപിഎൽ നിയമത്തിലെ ലെവൽ വൺ കുറ്റമാണ് ചെയ്തത്. എന്നാൽ ബുംറ പിഴയിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കിയിട്ടില്ല.
ഇന്നലെയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. മത്സരത്തിൽ ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൽ കൊൽക്കത്ത മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ റാണ 7 പന്തിൽ 8 റൺസെടുത്തു പുറത്തായിരുന്നു.
ബുംറ 26 റൺസ് വഴങ്ങി വിക്കറ്റ് ഒന്നും നേടിയില്ല. മത്സരത്തിലെ 16 ഓവറിൽ മുംബൈ ബൗളർ ഡാനിയൽ സാംസിനെതിരെ 35 റൺസാണ് ഓസ്ട്രേലിയന്‍ താരം നേടിയത്. മത്സരത്തിൽ കമ്മിൻസ് 15 പന്തിൽ 6 സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റൺസ് നേടി.
നാലു മത്സരങ്ങളിൽ മൂന്നും ജയിച്ച കൊൽക്കത്ത പോയിന്റ് പട്ടികയിൽ രാജസ്ഥാനെ പിന്തള്ളി ഒന്നാമതെത്തി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ ഒമ്പതാമതാണ്.