വിക്കറ്റ് വേട്ടയിൽ 50 കടന്ന് ബുംറ. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരം.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിവസം അത്ര മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസിന് പുറത്താവുകയും, പിന്നീട് ഓസ്ട്രേലിയ ശക്തമായ നിലയിലേക്ക് എത്തുകയും ചെയ്തു.

ഓസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് നഷ്ടമായത്. ബൂമ്രയാണ് ആദ്യം ഇന്നിങ്സിൽ ഖവാജയുടെ വിക്കറ്റ് സ്വന്തമാക്കിയത്. ഈ വിക്കറ്റോടെ ഒരു ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പേസർ ബുംറ. 2024 കലണ്ടർ വർഷത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് ഇതോടെ ബുമ്ര സ്വന്തമാക്കിയത്.

ഇന്നിങ്സിലെ തന്റെ അഞ്ചാം ഓവറിൽ ആയിരുന്നു ബുംറ ഖവാജയുടെ വിക്കറ്റ് കൊയ്തത്. ബുംറയുടെ ബോളിന്റെ ദിശ കൃത്യമായി നിർണയിക്കാൻ സാധിക്കാതെ വന്ന ഖവാജ ഒരു ഷോട്ട് കളിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് സ്ലിപ്പിൽ നിന്ന രോഹിത്തിന്റെ കൈകളിൽ എത്തുകയായിരുന്നു. ഇതോടെയാണ് 2024ൽ ബൂമ്ര 50 വിക്കറ്റുകൾ സ്വന്തമാക്കിയത്. 2024 കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ടെസ്റ്റ്‌ വിക്കറ്റുകൾ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ തന്നെ സ്പിന്നറായ രവിചന്ദ്രൻ അശ്വിനാണ്. 46 വിക്കറ്റുകളാണ് ഈ വർഷം അശ്വിൻ ടെസ്റ്റ് മത്സരങ്ങളിൽ സ്വന്തമാക്കിയത്.

45 ടെസ്റ്റ് വിക്കറ്റുകൾ ഈ വർഷം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ശുഐബ് ബഷീറാണ് ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ. ഇന്ത്യയുടെ തന്നെ ഓൾറൗണ്ടർ ആയ രവീന്ദ്ര ജഡേജ 44 വിക്കറ്റുകൾ ഈ വർഷം സ്വന്തമാക്കി ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ടിന്റെ അറ്റ്ക്കിൻസൺ 44 വിക്കറ്റുകളാണ് 2024ൽ സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിൽ മുൻപ് തന്നെ ബുമ്രയ്ക്ക് ഈ നേട്ടം കൈവരിക്കാൻ ഒരു അവസരം ഉണ്ടായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണർ മക്സീനിയുടെ വിക്കറ്റ് നേടാനുള്ള അവസരമാണ് ബുമ്രയ്ക്ക് ലഭിച്ചത്. എന്നാൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഈ ക്യാച്ച് വിട്ടുകളയുകയാണ് ഉണ്ടായത്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യൻ നിരയിൽ ഒരു ബാറ്റർക്ക് പോലും കൃത്യമായി പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. മധ്യനിരയിൽ നിതീഷ് റെഡ്ഡി മാത്രമാണ് ഇന്ത്യക്കായി തരക്കേടില്ലാത്ത പ്രകടനം മൈതാനത്ത് കാഴ്ചവച്ചത്. 44 റൺസാണ് നിതീഷ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 180 റൺസിന് പുറത്താവുകയായിരുന്നു. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റുകളുമായി കളം നിറയുകയുണ്ടായി. ശേഷം മറുപടി ബാറ്റിംഗിൽ മികച്ച പ്രകടനമാണ് ഇതുവരെ ഓസ്ട്രേലിയൻ ബാറ്റർമാർ കാഴ്ചവച്ചിട്ടുള്ളത്.

Previous article36 പന്തിൽ 67 റൺസ് നേടി സൂര്യവംശി. വമ്പൻ ജയത്തോടെ ഇന്ത്യ അണ്ടർ19 ഏഷ്യകപ്പ്‌ ഫൈനലിൽ.