വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലി ഒരുപാട് റെക്കോർഡുകൾ മറികടക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഒരുപാട് ഇതിഹാസ താരങ്ങളെ പിന്നിലാക്കിയ കോഹ്ലി, ഇപ്പോഴും തന്റെ ഫോം തുടരുന്നതിന്റെ സൂചനയാണ് വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ലഭിക്കുന്നത്. മത്സരത്തിൽ 206 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി 121 റൺസ് പൂർത്തീകരിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഇന്നിങ്സ് തന്നെ കോഹ്ലി മത്സരത്തിൽ കളിച്ചു. കോഹ്ലിയുടെ ബലത്തിൽ 438 റൺസ് സ്കോർബോർഡിൽ ചേർക്കാനും ഇന്ത്യക്ക് സാധിച്ചു. മത്സരത്തിലെ കോഹ്ലിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ്.
500ആം അന്താരാഷ്ട്ര മത്സരത്തിൽ കോഹ്ലി നേടിയ സ്പെഷ്യൽ സെഞ്ചുറിയെ അഭിനന്ദിച്ചുകൊണ്ടാണ് ലാറ സംസാരിച്ചത്. കോഹ്ലിയെ പോലെ ഒരു കളിക്കാരനെ ഒരുപാട് കാലം ആർക്കും പിടിച്ചു കെട്ടാനാവില്ല എന്നാണ് ബ്രയാൻ ലാറ പറഞ്ഞത്. എത്ര താഴ്ചയിൽ കിടന്നാലും ഒരു തിരിച്ചുവരവ് നടത്താൻ കോഹ്ലിക്ക് നിമിഷനേരം മാത്രമേ ആവശ്യമായി വേണ്ടുവെന്നും ലാറ പറയുകയുണ്ടായി.
“കോഹ്ലി ഒരു അവിസ്മരണീയ ക്രിക്കറ്ററാണ്. അത്തരമൊരു താരത്തെ നമുക്ക് ഒരുപാട് നാൾ പിടിച്ചുകെട്ടാൻ സാധിക്കുകയില്ല. അങ്ങനെ പിടിച്ചു കെട്ടുകയാണെങ്കിൽ മറ്റൊരു ദിവസം അയാൾ അതിനുള്ള മറുപടി തരികയും ചെയ്യും. കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച ഫോമിലായിരുന്നു കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം കളിച്ചിരുന്നത്. അയാൾ ഒരു തകർപ്പൻ കളിക്കാരൻ തന്നെയാണ്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കളിക്കാരൻ താഴ്ചയിലേക്ക് പോകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല.”- ലാറ പറഞ്ഞു.
വിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 182 പന്തുകൾ നേരിട്ട കോഹ്ലി 76 റൺസ് നേടുകയുണ്ടായി. എന്നാൽ അർഹതപ്പെട്ട സെഞ്ച്വറി സ്വന്തമാക്കാൻ മത്സരത്തിൽ കോഹ്ലിക്ക് സാധിച്ചില്ല. അതിന്റെ കടം രണ്ടാം മത്സരത്തിൽ വീട്ടിയിരിക്കുകയാണ് കോഹ്ലി. തന്റെ ടെസ്റ്റ് കരിയറിലെ 29 ആം സെഞ്ച്വറിയാണ് വിരാട് കോഹ്ലി രണ്ടാം ടെസ്റ്റിൽ സ്വന്തമാക്കിയത്. ഇതുവരെ 76 സെഞ്ച്വറികളാണ് കോഹ്ലിയുടെ അന്താരാഷ്ട്ര കരിയറിൽ ഉൾപ്പെട്ടിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കോയ്മ നേടി കൊടുക്കാൻ വിരാട് കോഹ്ലിയുടെ ഈ ഇന്നിങ്സ് സഹായകരമായി മാറിയിട്ടുണ്ട്. ഈ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 438 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 86ന് 1 എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ വിൻഡീസിന് ഇനിയും 382 റൺസ് കൂടി ആവശ്യമാണ്.