ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് ആരംഭം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇത്തവണ 10 ടീമുകൾ കളിക്കാൻ എത്തുമ്പോൾ ആവേശവും വാശിയും അത്രത്തോളം തന്നെ വർധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ വരുന്ന സീസണിലും ചില വിദേശ താരങ്ങൾ അടക്കം കളിക്കുമോയെന്ന ആശങ്ക സജീവമാണ്. മെഗാ ലേലത്തിൽ സ്‌ക്വാഡിലേക്ക് വിളിച്ചെടുത്ത താരങ്ങൾ പലരും സീസണിൽ നിന്നും പിന്മാറുന്നത് ആശങ്കയായി മാറുന്നുണ്ട്.
ഇപ്പോൾ ഒരു സ്റ്റാർ പേസറുടെ പരിക്കാണ് ഐപിൽ പ്രേമികളെ എല്ലാം വിഷമത്തിലാക്കുന്നത്. ഐപിഎല്ലിൽ മികച്ച പേസ് ബൗളിംഗ് നിരയെന്ന് എക്കാലവും അവകാശപ്പെടുന്ന ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ് ടീം.ഈ സീസണിലെ ലേലത്തിൽ മികച്ച ഒരുപിടി യുവ പേസർമാരെ അടക്കം ടീമിലേക്ക് എത്തിച്ച ഡൽഹി ക്യാപിറ്റൽസ് ടീമിന് നിരാശ സമ്മാനിച്ചാണ് സൗത്താഫ്രിക്കൻ സ്റ്റാർ പേസർ നോർട്ജേയുടെ പരിക്ക് സംബന്ധിച്ച വാർത്തകൾ വരുന്നത്.
പരിക്ക് കാരണം സൗത്താഫ്രിക്കൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും പിന്മാറിയ താരം ഐപിൽ കളിക്കാൻ എത്തുമോയെന്നത് സംശയമായി മാറി കഴിഞ്ഞു.ബംഗ്ലാദേശ് എതിരായ മൂന്ന് മത്സര ഏകദിന ടീമിൽ ഇടം നേടാതിരുന്ന താരം പരിക്കിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്നാണ് സൂചന. നേരത്തെ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. ലേലത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസ് ടീം സ്‌ക്വാഡിൽ നിലനിർത്തിയ പേസർ കൂടിയാണ് നോർട്ജേ. റബാഡയെ ഇത്തവണ ലേലത്തിൽ നഷ്ടമായ റിഷാബ് പന്തിനും ടീമിനും മറ്റൊരു സൗത്താഫ്രിക്കൻ പേസർ സേവനം കൂടി നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണ്.
ആറ് കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസ് ടീം സ്‌ക്വാഡിൽ നിലനിർത്തിയ പേസർ 24 ഐപിൽ മത്സരങ്ങളിൽ നിന്നായി 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ 150 കിലോമീറ്ററിൽ അധികം സ്പീഡിൽ പന്തെറിയുന്ന താരം ഏതൊരു എതിർ ടീമിനും വെല്ലുവിളിയാണ്. റിഷാബ് പന്ത്, പൃഥ്വി ഷാ, അക്ഷർ പട്ടേൽ എന്നിവരാണ് ഡൽഹി ടീം നിലനിർത്തിയ മറ്റുള്ള താരങ്ങൾ.ഒരുവേള സീസണിന്റെ തുടക്ക മത്സരങ്ങൾ നഷ്ടമായാലും താരത്തിന്റെ സേവനം പിന്നീട് ലഭിക്കുമെന്നാണ് ഡൽഹി ടീം പ്രതീക്ഷ.