ഒരു പന്തിൽ 2 തവണ റൺഔട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് : കാണാം ബിഗ് ബാഷിലെ അപൂർവ സംഭവത്തിന്റെ വിഡിയോ

ഓസ്ട്രേലിയന്‍  ട്വന്റി : ട്വന്റി  ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്  അപൂർവ റെക്കോർഡ് നേടി . ഇന്നലെ നടന്ന സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. തണ്ടറിന്‍റെ ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍  നില്‍ക്കുകയായിരുന്നു  ഓപ്പണറായ വെതര്‍ലാഡ്.

ഫിലിപ്പ് സാള്‍ട്ട് ആയിരുന്നു  ഇതേ സമയം  സ്ട്രൈക്കിംഗ് എൻഡിൽ  ക്രീസിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്നത്.   ഗ്രീനിന്റെ പന്തിൽ സ്ട്രൈറ്റ് ഡ്രൈവ് കളിച്ച സാള്‍ട്ടിന്‍റെ ഷോട്ട് പന്തെറിഞ്ഞ ഗ്രീനിന്‍റെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപില്‍ കൊണ്ടു. ഈ സമയം ക്രീസില്‍ നിന്ന് അധികം പുറത്തൊന്നുമല്ലായിരുന്നു വെതര്‍ലാഡ്. എങ്കിലും റണ്ണൗട്ടിനായി തണ്ടര്‍ താരങ്ങള്‍   എല്ലാവരും അപ്പീല്‍ ചെയ്യുന്നതിനിടെ സാള്‍ട്ടിന്‍റെ വിളി കേട്ട് സിംഗിളിനായി ഓടിയ വെതര്‍ലാഡിനെ തണ്ടേഴ്സിന്‍റെ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സും പറന്ന്  റണ്ണൗട്ടാക്കി.

ശേഷം ഫീൽഡ് അമ്പയർമാരുടെ നിർദ്ദേശ പ്രകാരം മൂന്നാം അമ്പയർ  പിന്നീട് റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ഗ്രീനിന്‍റെ കൈയില്‍ കൊണ്ട പന്തില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് തെറിക്കുമ്പോള്‍ വെതര്‍ലാഡിന്‍റെ ബാറ്റ് വായുവിലായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ താരം ഔട്ട്‌ എന്ന്  മൂന്നാം അമ്പയർ വിധിച്ചു .

എന്നാൽ പിന്നീട്   താരം ഔട്ടായ ശേഷം റിപ്ലെകൾ പരിശോധിച്ചപ്പോൾ നേരത്തെ  സിംഗിളിനായി ഓടിയപ്പോഴും  അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് താരമായ  വെതര്‍ലാഡ് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നപ്പോഴാണ് സാം ബില്ലിംഗ്സ് ബെയില്‍സ് ഇളക്കിയതെന്ന് തെളിഞ്ഞു. ഇതോടെ താരം സ്‌ട്രൈക്കേഴ്‌സ് എൻഡിലും ഔട്ടായ കാര്യം സുവ്യക്തം

ഒരേ പന്തിൽ താരം രണ്ട് തവണ റണ്ണൗട്ടായെങ്കിലും ക്രിക്കറ്റ് നിയമം അനുസരിച്ച്  ആദ്യ റണ്ണൗട്ടാണ് ഔട്ടായി പരിഗണിക്കുക. അങ്ങനെ 31 റണ്‍സുമായി ഒരു പന്തില്‍ രണ്ട് റണ്ണൗട്ടുകളുമായി വെതര്‍ലാഡ് ഔട്ടായി ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി .മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടറിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ .

മത്സരത്തിലെ റൺ ഔട്ട്‌ വീഡിയോ കാണാം :

Previous articleഇന്ത്യക്ക് എതിരെ ഇംഗ്ലണ്ട് ടീമിന്റെ തുറിപ്പുചീട്ട് ഈ താരം :പ്രവചനവുമായി ഗ്രേയം സ്വാൻ
Next articleനായകന്‍ വിരാട് കോലി ടി20 ട്രോഫി തനിക്ക് കൈമാറിയപ്പോൾ കണ്ണ് നിറഞ്ഞുപോയി : നടരാജൻ