ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി ബാറ്റിംഗിൽ രോഹിത് ശർമയാണ് മികവ് പുലർത്തിയത്. മത്സരത്തിൽ 87 റൺസ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു. പക്ഷേ മറ്റു മുൻനിര ബാറ്റർമാർ യാതൊരു തരത്തിലും സംഭാവന നൽകാതിരുന്നത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. ഇതിൽ പ്രധാനമായും വിരാട് കോഹ്ലിയായിരുന്നു നിരാശപ്പെടുത്തിയത്.
മത്സരത്തിൽ 9 പന്തുകൾ നേരിട്ട കോഹ്ലി പൂജ്യനായാണ് മടങ്ങിയത്. ഇതുവരെ ലോകകപ്പുകളിൽ 56 ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള വിരാട് കോഹ്ലിയുടെ ആദ്യ ഡക്കാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ വിരാട് കോഹ്ലി പുറത്തായതിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ ബാർമി ആർമി ട്രോളുകളുമായി രംഗത്തെത്തിയിരുന്നു.
വിരാട് കോഹ്ലിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചാണ് ബാർമി ആർമി ട്രോളുമായി രംഗത്തെത്തിയത്. ‘ഒരു പ്രഭാത സവാരിക്കായി വന്നതാണ്’ എന്ന ശീർഷകത്തോടെയാണ് ട്വിറ്ററിൽ ബാർമി ആർമി ഈ പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ നദിയിലുള്ള താറാവിനെയും, താറാവിന്റെ ശിരസ്സിന്റെ ഭാഗത്ത് കോഹ്ലിയുടെ ശിരസും കാണാനാവും. വിരാട് കോഹ്ലിയെ അങ്ങേയറ്റം ട്രോളിയാണ് ബാർമി ആർമി ആഘോഷിച്ചത്. എന്നാൽ അതിനുള്ള മറുപടി ഉടൻതന്നെ ഭാരത് ആർമി തിരികെ നൽകുകയുണ്ടായി. മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രധാനപ്പെട്ട രണ്ടു താരങ്ങളാണ് ഡക്കിന് പുറത്തായത്. ആദ്യം പുറത്തായത് ജോ റൂട്ടായിരുന്നു. മത്സരത്തിൽ ഒരു പന്ത് മാത്രമാണ് റൂട്ട് നേരിട്ടത്.
ഇതോടുകൂടി ഭാരത് ആർമി തിരിച്ചടിക്കുകയായിരുന്നു. ജോ റൂട്ട് ഡക്കിന് പുറത്തായപ്പോൾ ഇതേ നാണയത്തിൽ തന്നെ ഭാരത് ആർമി തിരിച്ചടിച്ചു. താറാവിന്റെ ശിരസ്സിന് പകരം റൂട്ടിന്റെ ശിരസ് വയ്ച്ചാണ് ഭാരത് ആർമി തിരിച്ചടിച്ചത്. ‘ഒരു സായാഹ്ന സവാരിക്ക് പുറപ്പെട്ടതാണ്’ എന്നാണ് ഇതിന് ശീർഷകം നൽകിയിരുന്നത്. അവിടെയും തീർന്നില്ല. ഉടനെ തന്നെ ഇംഗ്ലണ്ടിന്റെ സൂപ്പർതാരം ബെൻ സ്റ്റോക്സും ഡക്കിന് പുറത്താവുകയുണ്ടായി. മത്സരത്തിൽ 10 പന്തുകൾ നേരിട്ട ബെൻ സ്റ്റോക്സിനെ മുഹമ്മദ് ഷാമി ബൗൾഡാക്കുകയായിരുന്നു. പിന്നാലെ വീണ്ടും ഭാരത് ആർമി പരിഹാസ പോസ്റ്റുമായി രംഗത്തെത്തി.
‘ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ ഞങ്ങൾക്കല്പം സമയമെങ്കിലും തരൂ’ എന്നായിരുന്നു ഭാരത് ആർമി ട്വിറ്ററിൽ കുറിച്ചത്. മുൻപും ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾക്കിടെ ബാർമി ആർമി പ്രകോപനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പലപ്പോഴും മത്സരഫലം ഇന്ത്യയ്ക്ക് അനുകൂലമായതിനാൽ തന്നെ ഇതേപോലെ തിരിച്ചടി കിട്ടാറാണ് പതിവ്. ഇത്തവണയും അതിനു മാറ്റം വന്നിട്ടില്ല. എന്തായാലും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.