“രോഹിത് ടീമിനെപറ്റി ചിന്തിക്കാതെ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞു”.. വിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം..

rohit sharma cwc 2023 vs england

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗിൽ പതറുകയുണ്ടായി. ഇന്ത്യയുടെ മുൻനിര ബാറ്റർമാരായ വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ വലിയ സംഭാവനകൾ നൽകാതെ കൂടാരം കയറിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു.

എന്നാൽ നായകൻ രോഹിത് ശർമ മത്സരത്തിൽ ഒരു വശത്ത് ക്രീസിലുറക്കുകയും ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിക്കുകയും ചെയ്തു. മത്സരത്തിൽ നിർണായകമായ 87 റൺസായിരുന്നു രോഹിത് ശർമ നേടിയത്. പക്ഷേ നിർണായക സമയത്ത് അനാവശ്യ ഷോട്ട് കളിച്ചാണ് രോഹിത് ശർമ പുറത്തായത്. ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

മത്സരത്തിൽ 101 പന്തുകളാണ് രോഹിത് ശർമ നേരിട്ടത്. ഇതിൽ നിന്ന് 10 ബൗണ്ടറികളും 3 സിക്സറുകളും ഇന്ത്യൻ നായകൻ നേടിയിരുന്നു. കെഎൽ രാഹുലുമൊപ്പം ചേർന്ന് 91 റൺസിന്റെ ഒരു വമ്പൻ കൂട്ടുകെട്ടും രോഹിത് കെട്ടിപ്പടുത്തു. ശേഷമാണ് രോഹിത് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞത്.

ആ സമയത്ത് രോഹിത് ശർമ തന്റെ ടീമിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നാണ് ഗൗതം ഗംഭീർ വിശദീകരിക്കുന്നത്. മാത്രമല്ല സൂര്യകുമാർ യാദവിനെ പോലെയുള്ള പ്രോപ്പർ ബാറ്റർ മറുവശത്തുള്ള സമയത്ത് രോഹിത് ഇത്തരം അനാവശ്യ ഷോട്ടിന് ശ്രമിക്കാൻ പാടില്ലായിരുന്നുവെന്നും ഗംഭീർ പറഞ്ഞു. വളരെ രൂക്ഷമായ വിമർശനം തന്നെയാണ് ഗംഭീർ ഉന്നയിച്ചിട്ടുള്ളത്.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

“മത്സരത്തിൽ രോഹിത് വളരെ മോശം ഷോട്ടു കളിക്കുകയും അതുവരെ നടത്തിയ കഠിനപ്രയത്നങ്ങൾ ഇല്ലാതാക്കുകയുമാണ് ചെയ്തത്. 87 എന്ന സ്കോറിലെത്താൻ രോഹിത് നന്നായി പ്രയത്നിച്ചു. പക്ഷേ ആ പ്രയത്നങ്ങൾ അനാവശ്യ ഷോട്ട് മൂലം രോഹിത് ഇല്ലാതാക്കി. ആ സമയത്ത് രോഹിത് തന്റെ ടീമിനെ കുറിച്ച് ചിന്തിച്ചില്ല. ബുമ്രയ്ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴാണ് രോഹിത് ശർമ ഇത്തരമൊരു ഷോട്ട് കളിച്ചിരുന്നതെങ്കിൽ ഞാൻ ഒന്നും പറയില്ലായിരുന്നു. പക്ഷേ ആ സമയത്ത് സൂര്യകുമാറായിരുന്നു ക്രീസിൽ. സൂര്യ ഒരു പ്രോപ്പർ ബാറ്റർ തന്നെയാണ്.”- ഗംഭീർ പറയുന്നു.

മത്സരത്തിൽ രോഹിത്തിന്റെയും സൂര്യയുടെയും ബാറ്റിംഗിന്റെ മികവിൽ 229 റൺസാണ് ഇന്ത്യ നേടിയത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് ഈ സ്കോർ മറികടക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ ഇന്ത്യൻ പേസർമാരുടെ ശക്തമായ പ്രകടനം ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ബുമ്രയ്ക്കും ഷാമിക്കും സാധിച്ചു.

മത്സരത്തിൽ ഷാമി 4 വിക്കറ്റുകളും ബൂമ്ര 3 വിക്കറ്റുകളുമാണ് നേടിയത്. ഇതിനൊപ്പം കുൽദീപ് യാദവിന്റെ തകർപ്പൻ പ്രകടനവും ഇന്ത്യയ്ക്ക് രക്ഷയായി. ഈ വിജയത്തോടെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് ഏകദേശം കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.

Scroll to Top