2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വലിയ നഷ്ടം മാത്രം ഉണ്ടാക്കിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് തിരികെ മടങ്ങുന്നു. 2023ലെ ഐപിഎൽ ലേലത്തിൽ വലിയ പ്രതീക്ഷയോടെയായിരുന്നു സ്റ്റോക്സിനെ ചെന്നൈ ടീമിൽ എത്തിച്ചത്. മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി ചെന്നൈക്ക് ഉയർത്തിക്കൊണ്ടു വരാൻ പറ്റുന്ന ക്രിക്കറ്ററാണ് സ്റ്റോക്സ് എന്ന വലിയ രീതിയിലുള്ള പ്രസ്താവനകൾ ആ സമയത്ത് ഉയർന്നിരുന്നു. അതിനാൽ തന്നെ 16 കോടി രൂപയ്ക്ക് ആയിരുന്നു സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ കളിക്കളത്തിലേക്ക് വന്നപ്പോൾ സ്റ്റോക്സ് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ലാത്ത ക്രിക്കറ്ററായി മാറി.
2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെറും രണ്ടു മത്സരങ്ങൾ മാത്രമായിരുന്നു ചെന്നൈക്ക് വേണ്ടി സ്റ്റോക്സ് കളിച്ചത്. ആദ്യ മത്സരത്തിൽ 7 റൺസും രണ്ടാം മത്സരത്തിൽ 8 റൺസും മാത്രമാണ് സ്റ്റോക്സ് നേടിയത്. സീസണിൽ ആകെ ഒരു ഓവർ മാത്രം സ്റ്റോക്സ് ബോൾ ചെയ്തു. ആ ഓവറിൽ സ്റ്റോക്സ് വഴങ്ങിയത് 18 റൺസ് ആണ്. അങ്ങനെ തീർത്തും നിരാശാജനകമായ പ്രകടനമാണ് ആദ്യ മത്സരങ്ങളിൽ സ്റ്റോക്സ് കാഴ്ചവച്ചത്. ശേഷം സ്റ്റോക്സിന്റെ പരിക്ക് മൂർച്ഛിച്ചതോടെ ചെന്നൈ തങ്ങളുടെ ടീമിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയാണ് ഉണ്ടായത്. അതിനുശേഷം ഒരു മത്സരത്തിൽ പോലും സ്റ്റോക്സ് കളിച്ചിട്ടില്ല.
എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവസാന ലീഗ് മത്സരത്തിനുശേഷം സ്റ്റോക്സ് തിരികെ നാട്ടിലേക്ക് മടങ്ങും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജൂൺ 16ന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിന്റെ മുന്നോടിയായിയാണ് സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്. ഇക്കാര്യം സ്റ്റോക്സ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റായി സംസാരിക്കുകയും ചെന്നൈ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന ലീഗ് മത്സരത്തിനുശേഷമാണ് സ്റ്റോക്സ് മടങ്ങുക.
നിലവിൽ പ്ലേയോഫിന് തൊട്ടടുത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് നിൽക്കുന്നത്. ഇതുവരെ ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച ചെന്നൈ 7 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ചെന്നൈയ്ക്ക് 15 പോയിന്റുകൾ ആണുള്ളത്. അടുത്ത മത്സരത്തിൽ ഡൽഹിക്കെതിരെ ജയിച്ചാൽ ചെന്നൈക്ക് പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. ബെൻ സ്റ്റോക്സിന്റെ അഭാവത്തിലും മികച്ച കളിക്കാരുടെ ഒരു നിരതന്നെയാണ് ചെന്നൈ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.