ഞങ്ങൾ തന്നെയായിരുന്നു പരാജയപെടേണ്ടത്. കുറ്റം സമ്മതിച്ച് രോഹിത് ശർമ്മ

നിർണായകമായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ മുംബൈയുടെ പ്ലേയോഫ് സാധ്യതകൾ ഇപ്പോഴും തുലാസിൽ തന്നെ നിൽക്കുകയാണ്. എന്തുകൊണ്ടും വിജയിക്കാവുന്ന മത്സരമായിരുന്നു മുംബൈ കൈവിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മർക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് മികവിൽ 177 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ഈ തുടക്കം മുതലാക്കാൻ മുംബൈയ്ക്ക് സാധിക്കാതെ വന്നു. ഇതോടെ മത്സരത്തിൽ 5 റൺസിന്റെ പരാജയം മുംബൈ വഴങ്ങുകയായിരുന്നു. മത്സരശേഷം ഈ അവിചാരിതമായ പരാജയത്തെപ്പറ്റി മുംബൈയുടെ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ഈ പരാജയം മുംബൈ ഇന്ത്യൻസ് അർഹിച്ചിരുന്നു എന്നായിരുന്നു രോഹിത് ശർമ മത്സരശേഷം പറഞ്ഞത്. “ഈ പരാജയം ഞങ്ങൾ അർഹിച്ചിരുന്നു. മത്സരം ജയിക്കാൻ വേണ്ട അത്ര മികവിൽ ഞങ്ങൾ കളിച്ചില്ല. എന്നിരുന്നാലും ഞങ്ങൾ നന്നായി പിച്ചിനെ വിലയിരുത്തിയിരുന്നു. ഇവിടെ ബാറ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. തീർച്ചയായും ഞങ്ങളെ സംബന്ധിച്ച് പിന്തുടരാവുന്ന ഒരു സ്കോർ തന്നെയായിരുന്നു 177. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് പൂർണമായും പിഴയ്ക്കുകയുണ്ടായി. ഇത് മത്സരത്തിൽ നിർണായകമായി.”- രോഹിത് ശർമ പറഞ്ഞു.

“ലക്നൗ ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ഞങ്ങൾ ഒരുപാട് റൺസ് വഴങ്ങുകയുണ്ടായി. അവസാന 3 ഓവറുകളിലാണ് ഒരുപാട് ഞങ്ങൾ വഴങ്ങിയത്. മറുപടി ബാറ്റിംഗിൽ ഞങ്ങൾ ആരംഭിച്ച രീതി കൃത്യമായിരുന്നു. എന്നാൽ പറഞ്ഞതുപോലെ തന്നെ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് അടി തെറ്റി. ഈ മത്സരത്തിൽ പരാജയമറിഞ്ഞതിനാൽ തന്നെ ഹൈദരാബാദിനെതിരെ വളരെ നിർണായകമായ മത്സരമാണ് ഇനി നടക്കാനുള്ളത്. അവിടെ ഞങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും.”- രോഹിത് കൂട്ടിച്ചേർത്തു.

മത്സരത്തിൽ സ്റ്റോയിനിസിന്റെ മികച്ച ബാറ്റിംഗ് പ്രകടനവും അവസാന ഓവറിലെ മുഹ്സിൻ ഖാന്റെ മികച്ച ബോളിങ്ങുമായിരുന്നു മത്സരത്തിൽ ലക്നൗവിന് വിജയം സമ്മാനിച്ചത്m അവസാന ഓവറിൽ 11 റൺസായിരുന്നു ലക്നൗവിന് പ്രതിരോധിക്കേണ്ടിയിരുന്നത്. ടീം ഡേവിഡിനെയും ക്യാമറോൺ ഗ്രീനിനെയും ക്രീസിൽ നിർത്തി മുഹ്സിൻ ഖാൻ ഈ റൺസ് പ്രതിരോധിക്കുകയുണ്ടായി. ഈ വിജയത്തോടെ ലക്നൗ സൂപ്പർ ജെയന്റ്സ് പ്ലേയോഫ് സാധ്യതകൾ ഒരുപാട് വർധിപ്പിച്ചിട്ടുണ്ട്.