ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ എക്കാലവും വളരെ ആകാംക്ഷകൾ നിലനിർത്തിയാണ് ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര കാണാറുള്ളത്. ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ബാറ്റിങ് മികവുമായി പൂർണ്ണ അധിപത്യം നേടുകയാണിപ്പോൾ ഓസ്ട്രേലിയൻ ടീം. ഗാബ്ബയിലെ ഒന്നാം ടെസ്റ്റിൽ ആദ്യത്തെ ദിനം തന്നെ ബൗളിംഗ് നിരയുടെ പ്രകടനത്താൽ ഇംഗ്ലണ്ട് ടീം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ഓസ്ട്രേലിയൻ ടീമിന് രണ്ടാം ദിനം ബാറ്റിങ്ങിൽ ലഭിച്ചത് മികച്ച തുടക്കം. എന്നാൽ ഇപ്പോൾ രണ്ടാം ദിനത്തിലെ കളി, വിവാദങ്ങൾ കൂടി സൃഷ്ടിക്കുകയാണ്. മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനായി ബൗൾ ചെയ്ത ബെൻ സ്റ്റോക്സാണ് വിവാദത്തിലെ നായകന്‍
വളരെ നാളുകൾക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയ ബെൻ സ്റ്റോക്സ് രണ്ടാം ദിനത്തിൽ ബൗളിംങ്ങിനിടയിൽ തുടർച്ചയായ നോബോളുകൾ എറിഞ്ഞത് എല്ലാവരിലും ഞെട്ടലായി മാറി. കൂടാതെ ഈ നോബോളുകൾ ബഹുഭൂരിപക്ഷവും അമ്പയർമാർക്ക് കണ്ടെത്താനായി പോലും കഴിഞ്ഞില്ല എന്നതാണ് വളരെ ശ്രദ്ധേയം.മത്സരത്തിൽ 17 റൺസിൽ നിൽക്കേ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഡേവിഡ് വാർണർ ബെൻ സ്റ്റോക്സിന്‍റെ ബോളിൽ പുറത്തായി.
പക്ഷേ മൂന്നാം അമ്പയർ നടത്തിയ പരിശോധന ഇത് നോട്ട് ഔട്ട് എന്ന് വിധിച്ചു. ബെൻ സ്റ്റോക്സ് എറിഞ്ഞ ആ ബോൾ നോ ബോളാന്നത് കണ്ടെത്തുകയായിരുന്നു. പക്ഷേ പിന്നീടാണ് വളരെ രസകരമായ മറ്റൊരു വസ്തുത എല്ലാവർക്കും തന്നെ തിരിച്ചറിയാൻ സാധിച്ചത്.
ആ ഓവറിലെ തന്നെ ആദ്യത്തെ നാല് ബോളിലും സമാനമായി ബെൻ സ്റ്റോക്സ് നോ ബോൾ എറിഞ്ഞിരുന്നു. എന്നാൽ ഇത് ഓൺ ഫീൽഡ് അമ്പയർക്ക് പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായിട്ടുള്ള എല്ലാ ടെസ്റ്റ് പരമ്പരകളിലും നോ ബോൾ മൂന്നാം അമ്പയർ പരിശോധിക്കണമെന്നുള്ള റൂൾ നിലവിലുണ്ട്.
എന്നാൽ ഗാബ്ബ ടെസ്റ്റിൽ നോബോള്‍ ചെക്ക് ചെയ്യുന്ന തേര്‍ഡ് അമ്പയറുടെ ഉപകരണം ഒരുവേള എന്തൊ കാരണത്താൽ പണിമുടക്കിയത് തിരിച്ചടിയെന്നാണ് സൂചന. പതിനാല് നോ ബോളുകൾ സ്റ്റോക്സ് എറിഞ്ഞപ്പോൾ ആകെ തിരിച്ചറിയാൻ കഴിഞ്ഞത് രണ്ടെണ്ണം മാത്രം. ഇത്തരത്തിൽ ഒരു വമ്പൻ പിഴവിന് എതിരെ വിമർശനം ശക്തമായി മാറി കഴിഞ്ഞു.