ഇന്ത്യൻ ബാറ്ററായി കളിക്കുന്നത് വലിയ വെല്ലുവിളി. അത് ഏറ്റെടുക്കാൻ തയാറെന്ന് സഞ്ജു സാംസൺ.

sanju vs wi

വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകിയിരുന്നു. എന്നാൽ സഞ്ജുവിന് അത് മുതലാക്കാൻ സാധിച്ചില്ല. രണ്ടാം മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു 9 റൺസ് മാത്രമാണ് നേടിയത്.

എന്നാൽ ഇതിന്റെയെല്ലാം കടം മൂന്നാം മത്സരത്തിൽ സഞ്ജു വീട്ടിയിരിക്കുകയാണ്. തന്റെ ഇന്നിംഗ്സിലെ ആദ്യ ബോൾ മുതൽ അടിച്ചുതകർത്തു കളിച്ച സഞ്ജു 41 പന്തുകളിൽ 51 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ രണ്ടു ബൗണ്ടറികളും നാലു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. തന്റെ ഇന്നിംഗ്സിനെ പറ്റി മത്സരത്തിന്റെ മധ്യേ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

F2dQYoDW4AAonlm

ഓരോ ബോളർക്കെതിരെയും ഓരോ തന്ത്രങ്ങളാണ് താൻ മെനഞ്ഞിരുന്നത് എന്ന് സഞ്ജു സാംസൺ പറയുന്നു. “ക്രീസിൽ കുറച്ചധികം സമയം ചിലവഴിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിനായി കൂടുതൽ റൺസ് കണ്ടെത്താൻ സാധിച്ചതിലും ഞാൻ സന്തോഷവാനാണ്. ഓരോ ബോളർമാർക്കെതിരെയും ഓരോ തന്ത്രങ്ങളാണ് ഞാൻ മെനഞ്ഞത്. മത്സരത്തിൽ എന്റെ ശരീരം കൂടുതലായി ഉപയോഗിച്ചുകൊണ്ട് തന്നെ ബോളർമാരുടെ ലെങ്തിന് മേൽ എനിക്ക് ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു.”- സഞ്ജു സാംസൺ പറഞ്ഞു.

See also  സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.

ഇന്ത്യൻ ടീമിൽ വിവിധ ബാറ്റിംഗ് പൊസിഷനുകളിൽ മാറിമാറി കളിക്കേണ്ടി വരുമ്പോഴുള്ള മനോവികാരത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. “ഒരു ഇന്ത്യൻ ക്രിക്കറ്റർ ആയിരിക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. ഒരുപാട് ബാറ്റിംഗ് പൊസിഷനുകൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. കഴിഞ്ഞ 8-9 വർഷങ്ങളായി ഞാൻ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി കളിക്കുന്നുണ്ട്. ഒപ്പം ഇന്ത്യക്കായും കളിക്കുന്നുണ്ട്.

അതിനാൽ തന്നെ വ്യത്യസ്തമായ പൊസിഷനുകളിൽ ഏതുതരത്തിൽ കളിക്കണമെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. എത്ര ഓവറുകൾ അവശേഷിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഏതു പൊസിഷനിൽ ഇറങ്ങുന്നു എന്നത് പ്രശ്നമല്ല. ഓവറുകൾക്കനുസരിച്ച് മത്സരത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്.”- സഞ്ജു കൂട്ടിച്ചേർത്തു.

മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി അടിച്ചു തകർക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ(77) ശുഭമാൻ ഗിൽ(85) ഹർദിക് പാണ്ഡ്യ(70*) എന്നിവരും ഇന്ത്യക്കായി അർധസെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെ ഇന്ത്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 351 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് 151 റൺസിൽ ഓൾഔട്ട്‌ ആവുകയായിരുന്നു. ഇന്ത്യക്കായി ശർദ്ദൂർ താക്കൂർ നാലും മുകേഷ് കുമാർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി മികവ് പുലർത്തി.

Scroll to Top