ടെസ്റ്റ്‌ ഫൈനലിലെ തോൽവി. രോഹിത്തിനെയും ദ്രാവിഡിനെയും ബിസിസിഐ ചോദ്യം ചെയ്യണം. ഗവാസ്കർ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ പരാജയം ഇന്ത്യൻ ടീമിനെ വളരെ ദാരുണമായി ബാധിക്കുകയുണ്ടായി. വളരെയധികം പ്രയത്നത്തോടെയാണ് ഇന്ത്യ 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയത്. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നു. ഇന്ത്യയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത് മൈതാനത്തെടുത്ത ചില തീരുമാനങ്ങൾ ആയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത് വരികയുണ്ടായി. പ്രധാനമായും ഇന്ത്യയെടുത്ത രണ്ട് തീരുമാനങ്ങളാണ് സുനിൽ ഗവാസ്കർ വിമർശിക്കുന്നത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള സാഹചര്യത്തെ പറ്റി സുനിൽ ഗവാസ്കർ ചോദിക്കുന്നു. ഒപ്പം ട്രാവിസ് ഹെഡ് ക്രീസിലേത്തിയ സമയത്ത് എന്തുകൊണ്ട് ഇന്ത്യൻ ബോളർമാർ ബൗൺസർ എറിയാൻ ശ്രമിച്ചില്ല എന്നതിനും ഇന്ത്യൻ നായകനും ഇന്ത്യൻ കോച്ചും മറുപടി നൽകണമെന്നാണ് ഗവാസ്കർ പറയുന്നത്.

“ഇന്ത്യൻ ടീമിനോട് സെലക്ടർമാരും ബോർഡും ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറാവണം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എന്തിനാണ് ഇന്ത്യ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തത്? ടോസ് സമയത്ത് അന്തരീക്ഷം മൂടിക്കെട്ടിയതിനാലാണ് എന്നാണ് അന്ന് വിശദീകരണം നൽകിയത്. എന്റെ രണ്ടാമത്തെ ചോദ്യം ഇതാണ്. ഷോർട് ബോളിനെതിരെ ഒരുപാട് ദൗർബല്യങ്ങൾ ഉള്ള ബാറ്ററാണ് ട്രാവസ് ഹെഡ്. എന്തുകൊണ്ടാണ് ഹെഡ് ക്രീസിലെത്തിയ ഉടൻതന്നെ ഇന്ത്യൻ ബോളർമാർ ബൗൺസർ എറിയാതിരുന്നത്?”- സുനിൽ ഗവാസ്കർ ചോദിക്കുന്നു.

“ഹെഡ് മത്സരത്തിൽ 80 റൺസ് നേടിയതിനു ശേഷം മാത്രമാണ് ഇന്ത്യ ബൗൺസർ എറിയാൻ ശ്രമിച്ചത്. അദ്ദേഹം ബാറ്റിംഗിന് വന്ന സമയത്ത് തന്നെ കമന്ററി ബോക്സിൽ ഇരുന്ന് പോണ്ടിങ് ഇക്കാര്യം സംസാരിച്ചിരുന്നു. ബൗൺസർ എറിയൂ എന്നാണ് കമന്റ്ററി ബോക്സിൽ ഇരുന്ന് പോണ്ടിങ് പറഞ്ഞത്. പക്ഷേ ഇന്ത്യൻ ബോളർമാർ അതിന് ശ്രമിച്ചതുമില്ല. ഞാനായിരുന്നു കമന്ററി ബോക്സിൽ എങ്കിൽ ഞാൻ ഒരിക്കലും ഒരു ഇന്ത്യൻ താരത്തിന്റെ ദൗർബല്യത്തെ കുറിച്ച് സംസാരിക്കില്ലായിരുന്നു. എന്തായാലും ഇക്കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റനും കോച്ചും തന്നെയാണ് മറുപടി നൽകേണ്ടത്.എന്താണ് അവിടെ സംഭവിച്ചത് എന്നതിന് ഇരുവരും മറുപടി നൽകാൻ തയ്യാറാവണം.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യ പുറത്തെടുത്തത്. എന്നാൽ ഇരു ചാമ്പ്യൻഷിപ്പുകളുടെയും ഫൈനലിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. 2021ലെ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. 2023ൽ ഓസ്ട്രേലിയക്കെതിരെയും. ഇനിയും ഇത്തരം പരാജയങ്ങൾ ഉണ്ടാവാതിരിക്കണമെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഉത്തരം കണ്ടെത്തിയേ പറ്റൂ.

Previous article“ധോണിയും കോഹ്ലിയുമല്ല, എന്റെ റോൾ മോഡൽ ആ ഇന്ത്യൻ താരം”, തുറന്ന് പറഞ്ഞ് റിങ്കു സിംഗ്.
Next article“ധോണിയുടെ ആ ഉപദേശം എന്നെ ഒരുപാട് സഹായിച്ചു” റിങ്കു സിംഗിന്റെ പ്രസ്താവന ഇങ്ങനെ.