“ധോണിയുടെ ആ ഉപദേശം എന്നെ ഒരുപാട് സഹായിച്ചു” റിങ്കു സിംഗിന്റെ പ്രസ്താവന ഇങ്ങനെ.

കഴിഞ്ഞ ഐപിഎല്ലിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച യുവ താരമാണ് റിങ്കു സിംഗ്. ഐപിഎല്ലിൽ കൊൽക്കത്ത ടീമിന്റെ ഫിനിഷറായി ഇറങ്ങിയിരുന്ന റിങ്കു സിംഗ് 2023 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 474 റൺസ് നേടുകയുണ്ടായി. 59 റൺസ് ശരാശരിയിലാണ് റിങ്കു ഈ വെടിക്കെട്ട് തീർത്തത്. ശേഷം റിങ്കുവിന് ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് വിളി വന്നിരിക്കുകയാണ്. 2023ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായി റിങ്കുവിനെ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നു. ഈ സമയത്ത് ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നും തനിക്ക് കിട്ടിയ ഉപദേശങ്ങൾ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് റിങ്കു സിംഗ് പറയുന്നു.

തന്റെ കരിയറിൽ ഉയർച്ചയുണ്ടാവാൻ ധോണിയുടെ ഉപദേശങ്ങൾ സഹായകരമായിട്ടുണ്ട് എന്നാണ് റിങ്കു പറയുന്നത്. “മഹേന്ദ്ര സിംഗ് ധോണിയുമായുള്ള സംഭാഷണങ്ങൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നെപ്പോലെ തന്നെ അഞ്ചും ആറും നമ്പറിൽ ബാറ്റ് ചെയ്തിരുന്ന ക്രിക്കറ്ററാണ് ധോണി. അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും ഈ നമ്പറിൽ തന്നെയാണ് ബാറ്റ് ചെയ്തിരുന്നത്. അതിനാൽ തന്നെ ഏതുതരത്തിൽ കളിക്കണമെന്ന് പൂർണ ബോധ്യം ധോണിക്കുണ്ടായിരുന്നു.”- റിങ്കു പറയുന്നു.

“എന്റെ മത്സരം മെച്ചപ്പെടുത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ധോണിയോട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശം വളരെ ലളിതമായിരുന്നു. ‘നിങ്ങൾ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ എന്താണോ ചെയ്യുന്നത് അതുതന്നെ തുടരുക’ എന്നായിരുന്നു ധോണി പറഞ്ഞത്.”- റിങ്കു സിംഗ് കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുമ്പോഴുള്ള തന്റെ വൈകാരിക നിമിഷങ്ങളെപറ്റിയും റിങ്കു സിംഗ് കൂട്ടിച്ചേർത്തു.

“എല്ലാ താരങ്ങളുടെയും സ്വപ്നമാണ് ഇന്ത്യക്കായി കളിക്കുക എന്നതും ആ ജേഴ്സി അണിയുക എന്നതും. ഞാൻ എന്റെ ഭാവിയെപ്പറ്റി ഒരുപാട് ചിന്തിക്കുന്നില്ല. കാരണം അങ്ങനെയുള്ള ചിന്തകൾ എനിക്ക് കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒരു സമയത്ത് അന്നത്തെ ദിവസത്തെ പറ്റി മാത്രം ഞാൻ ചിന്തിക്കുന്നു. ഒരു പ്രൊഫഷണൽ കായികതാരത്തെ സംബന്ധിച്ച് ഒരു ദിവസമെങ്കിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ്. എന്നെ ഇന്ത്യൻ ജേഴ്സിയിൽ കാണുമ്പോൾ എന്നെക്കാളുപരി എന്റെ കുടുംബവും മാതാപിതാക്കളും വളരെ സന്തോഷത്തിലാവും എന്ന് ഞാൻ തിരിച്ചറിയുന്നു.”- റിങ്കു സിംഗ് പറഞ്ഞുവെക്കുന്നു.