ഐസിസി ടി20 ലോകകപ്പ് സെമിഫൈനല്‍ പുറത്താകലിനു പിന്നാലെ ദേശിയ ടീം സെലക്ടേഴ്സിനെ ബിസിസിഐ പുറത്താക്കി. ഓസ്ട്രേലിയന്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ സെലക്ഷന്‍ പാനലിനെ മാറ്റും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2020 ഡിസംബറിലാണ് ചേതന്‍ ശര്‍മ്മ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുന്നത്. ദേബാശിഷ് മൊഹന്തി, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.
2021 ടി20 ലോകകപ്പില്‍ പരിചയ സമ്പന്നനായ ചഹലിനെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിയേയും രാഹുല്‍ ചഹറിനെയും തിരഞ്ഞെടുത്തത് ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കൂടാതെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കാരണം പറഞ്ഞ് വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മക്ക് കൈമാറിയത് അടക്കം നിരവധി വിവാദ തീരുമാനങ്ങള്‍ ചേതന്‍ ശര്‍മ്മ നടത്തിയിരുന്നു.
അതേ സമയം നാഷണല്‍ ടീം സെലക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാ ഫോം ബിസിസിഐ പുറത്തു വിട്ടു. 5 സ്ഥാനങ്ങളാണുള്ളത്. 5 വര്‍ഷം മുന്‍പ് വിരമിച്ചതും 7 ടെസ്റ്റ് മത്സരം അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് അല്ലെങ്കില്‍, 10 ഏകദിനമോ 20 ഫസ്റ്റ് ക്ലാസ് മത്സരമോ കളിച്ച താരങ്ങളായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.