ഇന്ത്യൻ ക്രിക്കറ്റ് എല്ലാകാലവും അത്ഭുത പ്രതിഭകളാൽ അനുഗ്രഹീതമാണ്. ഏറെ കഴിവുറ്റ താരങ്ങളെ സ്വന്തമാക്കിയ ടീം ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് അനേകം ആരാധകരുമുണ്ട്.നിലവിൽ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ ടീമായി മാറിയ കോഹ്ലിയുടെ ഇന്ത്യൻ ടീമും കഴിഞ്ഞ ആഴ്ച ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യൻ വനിതാ ടീമും നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. വളരെ ഏറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾക്കും എല്ലാ വർഷവും അനവധി പുരസ്‌കാരങ്ങൾ രാജ്യത്തിന്റെ വകയായി സർക്കാരുകൾ നൽകാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഒരു പുരസ്‌ക്കാര വാർത്തയാണ് ആരാധകരിൽ ചർച്ചയായി മാറുന്നത്.
നമ്മുടെ ഇന്ത്യ രാജ്യത്തിലെ ഏറ്റവും പരമോന്നതമായ കായിക പുരസ്‌ക്കാരം ആണ് ഖേൽരത്ന.ഇപ്പോൾ ഖേൽരത്ന പുരസ്‌ക്കാരത്തിനായി ബിസിസിഐ ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിനെയും ഒപ്പം ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മിതാലി രാജിനെയും ശുപാർശ ചെയ്തു.കഴിഞ്ഞ ഇരുപത്തിരണ്ട് വർഷത്തിലേറെയായി ഇന്ത്യൻ വനിതാ ടീമിലെ പ്രധാനിയായ മിതാലി കരിയറിൽ ഒട്ടനവധി ബാറ്റിങ് നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. വനിതാ ക്രിക്കറ്റ് ടീമിലെ സച്ചിൻ എന്നൊരു വിശേഷണം നേടിയ മിതാലി രാജ് തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ഈ പുരസ്ക്കാരം നേടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ അശ്വിനും ശുപാർശയിൽ ഇടം നേടി.
അതേസമയം മറ്റൊരു പ്രധാനപ്പെട്ട പുരസ്ക്കാരമായ അർജുനഅവാർഡിന് സ്റ്റാർ ഓപ്പണർമാരായ കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ പേരുകൾക്ക് പുറമേ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയുടെ പേരും ബിസിസിഐ ശുപാർശയിൽ പരിഗണിച്ചു.ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ മാനേജ്മെന്റ് നൽകുന്ന എല്ലാ ചുമതലകളും ഏറെ ഭംഗിയായി നിർവഹിക്കുന്ന താരമാണ് കെ. എൽ രാഹുൽ കൂടാതെ മറ്റൊരു ഓപ്പണർ കൂടിയായ ശിഖർ ധവാൻ ഇനി വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിൽ ടീം ഇന്ത്യയെ ക്യാപ്റ്റൻ റോളിൽ നയിക്കും