ഇന്ത്യൻ ബോളർമാർ അങ്ങനെ ചെയ്യരുത്. ലോകകപ്പിന് മുമ്പ് ഐപിഎല്ലിൽ നിർദ്ദേശങ്ങളുമായി ബിസിസിഐ.

ലോക ക്രിക്കറ്റ് വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ്. മാർച്ച് 31നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് ആരംഭം കുറിക്കുന്നത്. ഐപിഎല്ലോടുകൂടി ഇന്ത്യൻ ക്രിക്കറ്റിനും വളരെ ടൈറ്റ് ആയിട്ടുള്ള ഷെഡ്യൂളാണ് തുടങ്ങുന്നത്. 2023ൽ ഏഷ്യകപ്പും 50 ഓവർ ലോകകപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളുടെ പ്രകടനത്തിന് വലിയ മൂല്യമാണ് ഉള്ളത്. എന്നാൽ ഈ സാഹചര്യങ്ങളിൽ താരങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും കണക്കിലെടുക്കേണ്ടതും ബിസിസിഐയുടെ ചുമതലയാണ്. ഇതിനായി പല ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ബിസിസിഐ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിരിക്കുകയാണ്. തങ്ങളുടെ ഇന്ത്യൻ കളിക്കാരെ ഏതുവിധേനയാണ് ഉപയോഗിക്കേണ്ടത് എന്നതിന്റെ കാര്യങ്ങളാണ് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ കോൺട്രാക്ടിലുള്ള ബോളർമാരുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കണം എന്നാണ് ബിസിസിഐ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. എല്ലാ ദിവസങ്ങളിലും മത്സരങ്ങൾ നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ ബോളർമാരെ കൂടുതലായി ഉപയോഗിക്കരുത് എന്ന് ബിസിസിഐ പറയുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും മുൻപിലുള്ള സാഹചര്യത്തിൽ കളിക്കാർക്ക് കൂടുതൽ പരിക്ക് പറ്റാനുള്ള സാധ്യതയുള്ളതിനാലാണ് ബിസിസിഐ ഇത്തരത്തിൽ നിലപാട് എടുക്കുന്നത്.

Mohammed Shami and Siraj Crictoday 1

“ഇന്ത്യൻ ടീമിലെ ബോളർമാരെ വളരെ സൂക്ഷ്മതയോടെ തന്നെ ഉപയോഗിക്കണം എന്ന് ഫ്രാഞ്ചൈസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഐപിഎൽ ടീമുകൾ അവരെ നെറ്റ്സിൽ അധികസമയം ബോൾ ചെയ്യിക്കാൻ പാടില്ല. കൂടുതൽ ശക്തി പ്രാപിക്കാൻ പരിശീലനം നടത്തുന്നതിൽ അവർ ശ്രദ്ധ ചെലുത്തണം. മെയ് ആദ്യവാരം വരെ അവർക്ക് ഫീൽഡിംഗ് പരിശീലനങ്ങൾ നടത്താം. എന്നാൽ ഫ്രാഞ്ചൈസികൾ അവരെ നിർബന്ധിക്കാൻ പാടില്ല. മെയ് ആദ്യവാരത്തിനു ശേഷം കോൺട്രാക്ടിലുള്ള കളിക്കാർ പതിയെ നെറ്റ്സിലെ ബോളിംഗ് പരിശീലനങ്ങൾ വർദ്ധിപ്പിക്കണം. ആ സാഹചര്യത്തിൽ ബിസിസിഐ മുഴുവൻ ഫ്രാഞ്ചൈസികളുമായി വിനിമയം നടത്തുന്നതായിരിക്കും.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.

നിലവിൽ ശർദുൽ താക്കൂർ, മുഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ, ദീപക് ചാഹർ തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രധാന താരങ്ങൾ. ഇവർക്കൊക്കെയും പരിക്കേൽക്കാതെ നോക്കേണ്ടത് ബിസിസിഐയെ സംബന്ധിച്ച് വലിയൊരു ദൗത്യം തന്നെയാണ്. ഐപിഎല്ലിന് ശേഷം ജൂൺ ഏഴിന് ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഈ താരങ്ങളൊക്കെയും പങ്കെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് കിരീടം നേടാനാവു. മാത്രമല്ല അതിനുശേഷം പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിലും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും മുഴുവൻ ഇന്ത്യൻ സ്ക്വാഡ് അംഗങ്ങളെയും അണിനിരത്താനുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ.

Previous articleആദ്യമത്സരത്തിൽ ഡക്കായി പുറത്ത്. ശേഷം റെയ്‌ന ധവാന് നൽകിയ തകർപ്പൻ ഉപദേശം.
Next articleഅഞ്ചു മാസങ്ങൾ കൊണ്ട് രാഹുലിന് ഉണ്ടായത് വമ്പൻ നഷ്ടങ്ങൾ! രാഹുലിന് ഇത് കഷ്ടകാലം!