20-20 മത്സരങ്ങളിലെ സംബന്ധിച്ച് എല്ലാ ഓവറുകളിലും റണ്ണുകൾ ഒഴുകേണ്ടത് നിർബന്ധമാണ്. എന്നാൽ അതിൽ ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ ഒന്നാണ് മധ്യ ഓവറുകൾ. മധ്യ ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാരുടെ ശീലമാണ് മെല്ലെ പോക്ക്. ഇപ്പോഴിതാ ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ബിസിസിഐ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏഷ്യാകപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ടീം മാനേജ്മെൻ്റിനോട് ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചത്.
ബി.സി.സി.ഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇത് സംബന്ധിച്ച സെലക്ടർമാരുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകാൻ കാരണം മധ്യ ഓവറുകളിൽ റൺ നിരക്ക് താഴ്ന്നതാണെന്നാണ് ബി.സി.സി.ഐ വിലയിരുത്തുന്നത്. അടുത്തമാസം ഓസ്ട്രേലിയയിൽ വച്ച് 20-20 ലോകകപ്പ് വരാനിരിക്കുകയും, അതിനുമുമ്പായി ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പരമ്പര ഉള്ളതിനാലും ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന നിർദ്ദേശമാണ് ടീം മാനേജ്മെന്റിന് ബി.സി.സി.ഐ നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്.
ഏഷ്യാകപ്പ് അവലോകന യോഗത്തിൽ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയെന്നും, പ്രശ്നങ്ങളേക്കാൾ പരിഹാരങ്ങളെ കുറിച്ചാണ് ആലോചിച്ചതെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മികച്ച പ്രകടനം നടത്താനുള്ള വഴികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു എന്നും പറയുന്നു. ഏഴു മുതൽ 15 വരെയുള്ള ഓവറുകളിൽ റൺനിരക്ക് കുത്തനെ കുറയുന്നത് വലിയ പ്രശ്നമാണെന്നും, ഏഷ്യാകപ്പിൽ ഇത് ആവർത്തിച്ചത് കൊണ്ടാണ് തോൽവിയിലേക്ക് നീങ്ങിയതെന്നും പ്രതിനിധി പറഞ്ഞു.
ഇക്കാര്യത്തിൽ ടീം മാനേജ്മെൻ്റ് ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മധ്യ ഓവറുകളിൽ കളിയുടെ ഗതി കണ്ട് ഗെയിംപ്ലാനിൽ മാറ്റം വരുത്താൻ കഴിവുള്ള ലോകോത്തര താരങ്ങൾ നമുക്കുണ്ടെന്നും പ്രതിനിധി അഭിപ്രായപ്പെട്ടു. എന്തുതന്നെയായാലും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.