മണ്ടൻ ക്യാപ്റ്റൻസിയല്ല, ബാറ്റിങ് തകർച്ചയാണ് പരാജയകാരണം. ബാറ്റർമാരെ പഴിപറഞ്ഞ് ഹാർദിക് പാണ്ഡ്യ..

ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനം തന്നെയായിരുന്നു രണ്ടാം ട്വന്റി20യിലും കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ 4 റൺസിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം മത്സരത്തിൽ വീണ്ടും വിജയത്തിനടുത്തെത്താൻ സാധിച്ചെങ്കിലും രണ്ടു വിക്കറ്റുകൾക്ക് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. ഇതാദ്യമായാണ് വിൻഡീസിനെതിരെ ഇന്ത്യ തുടർച്ചയായി രണ്ട് ട്വന്റി20 മത്സരങ്ങളിൽ പരാജയപ്പെടുന്നത്. മത്സരത്തിലെ പരാജയത്തിനുള്ള പ്രധാന കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

ബാറ്റിംഗിലെ മോശം പ്രകടനമാണ് മത്സരത്തിൽ പരാജയം നേരിടാനുള്ള പ്രധാന കാരണമായി മാറിയത് എന്ന് പാണ്ഡ്യ പറഞ്ഞു. “സത്യസന്ധമായി പറഞ്ഞാൽ അത്ര സന്തോഷകരമായ ബാറ്റിംഗ് പ്രകടനമല്ല ഞങ്ങൾ കാഴ്ചവച്ചത്. കുറച്ചുകൂടി നന്നായി ഞങ്ങൾ ബാറ്റ് ചെയ്യേണ്ടിയിരുന്നു.

ഒരു 160-170 റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ അതൊരു നല്ല സ്കോറായേനെ. നിക്കോളാസ് പൂരന്റെ ബാറ്റിംഗ് പ്രകടനമാണ് ഞങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയത്. അയാൾ ബാറ്റ് ചെയ്യുന്ന രീതി വച്ച് ഞങ്ങൾക്ക് സ്പിന്നർമാരെ കൃത്യമായി റൊട്ടേറ്റ് ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല പൂരൻ ബാറ്റ് ചെയ്ത സമയത്താണ് മത്സരം ഞങ്ങളുടെ കൈവിട്ടു പോയതും.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

“നിലവിലെ കോമ്പിനേഷനുകൾ അനുസരിച്ച് ഞങ്ങളുടെ ആദ്യ 7 ബാറ്റർമാർ മികവു പുലർത്തുമെന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്ക് താൽപര്യം. മാത്രമല്ല ബോളർമാർ മത്സരം വിജയിക്കാൻ പാകത്തിനുള്ള പ്രകടനങ്ങൾ പുറത്തെടുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഒപ്പം ടീം സന്തുലിതാവസ്ഥയിൽ എത്താനുള്ള വഴികളും കണ്ടുപിടിക്കേണ്ടതുണ്ട്.

മാത്രമല്ല ഇന്ത്യയുടെ ബാറ്റർമാർ കുറച്ചധികം ഉത്തരവാദിത്വം കൂടി കാട്ടണം. നാലാമനായി ടീമിൽ ഇടംകയ്യൻ ബാറ്റർ കളിക്കുന്നത് ഒരു വ്യത്യസ്തത സൃഷ്ടിക്കുന്നുണ്ട്. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം കളിക്കുന്ന രീതിയിലല്ല തിലക് വർമ്മ ബാറ്റ് ചെയ്തത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 41 പന്തുകളിൽ 51 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. ഈ മികവിൽ മത്സരത്തിൽ 152 റൺസ് നേടാൻ ഇന്ത്യക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിൽ 8 വിക്കറ്റുകൾ നഷ്ടത്തിൽ വെസ്റ്റിൻഡീസ് വിജയിക്കുകയും ചെയ്തു. ഈ വിജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പര 2-0ന് മുൻപിലെത്താൻ വെസ്റ്റിൻഡീസിന് സാധിച്ചിട്ടുണ്ട്. നാളെ നടക്കുന്ന അടുത്ത മത്സരത്തിൽ കൂടി വിജയം കണ്ടെത്താൻ സാധിച്ചാൽ വെസ്റ്റിൻഡീസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.