ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒരു മാസ്മരിക ചേസ് തന്നെയാണ് ലക്നൗ സൂപ്പർ ജെയന്റ്സ് നടത്തിയത്. മത്സരത്തിൽ നിക്കോളാസ് പൂറാന്റെയും മർക്കസ് സ്റ്റോയിനിസിന്റെയും മികവിൽ ഒരു വിക്കറ്റിനായിരുന്നു ലക്നൗ വിജയം കണ്ടത്. 213 എന്ന വമ്പൻ വിജയലക്ഷ്യം മുൻപിലേക്ക് വെച്ചിട്ടും ബാംഗ്ലൂർ ബോളർമാർ അവസരത്തിനോത്ത് ഉയരാതെ വന്നത് അവർക്ക് വിനയായി മാറി. എന്നാൽ 200 റൺസിന് മുകളിൽ ചെയ്സ് ചെയ്യാൻ ഉണ്ടായിരുന്നിട്ടും, വളരെ തണുപ്പൻ ബാറ്റിംഗ് പ്രകടനമാണ് ലക്നൗ നായകൻ രാഹുൽ മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ 20 പന്തുകളിൽ 18 റൺസ് ആയിരുന്നു രാഹുൽ നേടിയത്. എന്തുകൊണ്ടാണ് മത്സരത്തിൽ ഇത്ര ചെറിയ സ്ട്രൈക്ക് റേറ്റിൽ കളിക്കേണ്ടിവന്നത് എന്നതിനെപ്പറ്റി മത്സരശേഷം രാഹുൽ പറയുകയുണ്ടായി.
തന്റെ ചുറ്റിനും വിക്കറ്റുകൾ നഷ്ടപ്പെട്ടതിനാലാണ് തനിക്ക് പതുക്കെ കളിക്കേണ്ടി വന്നത് എന്ന് രാഹുൽ പറയുന്നു. “എനിക്ക് മത്സരത്തിൽ ഒരുപാട് റൺസ് നേടെണ്ടത് ആവശ്യമായിരുന്നു ഞാൻ റൺസ് നേടുമെന്നും സ്ട്രൈക്ക് റേറ്റ് ഉയരുമെന്നും എനിക്ക് അറിയാമായിരുന്നു. ലക്നൗവിൽ ഞങ്ങൾ കുറച്ച് പ്രയാസകരമായ മത്സരങ്ങൾ കളിക്കുകയുണ്ടായി. ഇന്നും ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അതിനാൽതന്നെ ആ സാഹചര്യത്തിനനുസരിച്ചാണ് ഞാൻ കളിച്ചത്.”- രാഹുൽ പറഞ്ഞു.
“ഞാൻ കളിച്ച രീതി ശരിയാണ് എന്ന് ഞാൻ കരുതുന്നു. എനിക്ക് കുറച്ചുകൂടി മുന്നോട്ടു പോകാൻ സാധിച്ചിരുന്നെങ്കിൽ, മത്സരത്തിന്റെ അവസാനം വരെ നിക്കോളാസ് പൂരനൊപ്പം പിടിച്ചുനിൽക്കാൻ സാധിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ മത്സരം ഞങ്ങൾ കുറച്ചുകൂടി അനായാസമായി വിജയിച്ചേനെ. സീസണിൽ നല്ല കുറച്ച് ഇന്നിംഗ്സുകൾ തുടക്കത്തിൽ നേടാനായാൽ അത് എനിക്ക് കൂടുതൽ ഗുണകരമാവുമെന്നും ഒപ്പം ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുമാണ് ഞാൻ കരുതുന്നത്.”- രാഹുൽ കൂട്ടിച്ചേർത്തു.
213 എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ലക്നൗ തുടക്കത്തിൽ തകരുകയുണ്ടായി. ശേഷം 35 പന്തുകളിൽ 60 റൺസ് നേടിയ മർക്കസ് സ്റ്റോയ്‌നിസാണ് ലക്നൗവിന് പ്രതീക്ഷകൾ നൽകിയത്. ഒപ്പം 19 പന്തുകളിൽ 62 റൺസ് നേടിയ നിക്കോളാസ് പൂറാനും അടിച്ചുതകർത്തപ്പോൾ ലക്നൗ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. അവസാന ബോളിൽ ഒരു വിക്കറ്റിനാണ് ലക്നൗ മത്സരത്തിൽ വിജയിച്ചത്.