ബംഗ്ലാ കടുവകളെ മുട്ടുകുത്തിച്ച് ഇന്ത്യൻ പെൺപട. ബാറ്റിങ്ങിൽ ഹർമൻപ്രീത്. ബോളിങ്ങിൽ തിളങ്ങി മിന്നുമണി.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. 7 വിക്കറ്റുകൾക്ക് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഉജ്ജ്വലവിജയം സ്വന്തമാക്കിയത്. ബോളിങ്ങിൽ ഇന്ത്യക്കായി പൂജാ വസ്ത്രക്കറും ഷഫാലി വർമ്മയും മലയാളി താരം മിന്നുമണിയും തിളങ്ങുകയുണ്ടായി. ഒപ്പം ഹർമൻപ്രീത് കോറും സ്മൃതി മന്ദനയും ബാറ്റിംഗിൽ കരുത്ത് കാട്ടിയതോടെയാണ് ഇന്ത്യ അനായാസം വിജയം നേടിയത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1-0ന് മുൻപിലെത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് അതിസൂക്ഷ്മമായി ഇന്നിങ്സ് ആരംഭിച്ചെങ്കിലും കൃത്യമായ രീതിയിൽ റൺറേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഓപ്പണർ റാണി(22) സുൽത്താന(17) മുസ്താരി(23) എന്നിവർ ക്രീസിലുറച്ചെങ്കിലും മതിയായ രീതിയിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നു. ശേഷം അക്തർ 28 പന്തുകളിൽ 28 റൺസ് നേടി ഭേദപ്പെട്ട സ്കോറിൽ ബംഗ്ലാദേശിനെ എത്തിക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 114 റൺസാണ് ബംഗ്ലാദേശ് നേടിയത്. മലയാളി താരം മിന്നുമണി തന്റെ അരങ്ങേറ്റ മത്സരത്തിൽ 3 ഓവറുകളിൽ 21 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി.

ചെറിയ വിജയലക്ഷം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ഷഫാലി വർമ്മയെ(0) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ സ്മൃതി മന്ദന ഒരു വശത്ത് ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മന്ദന മത്സരത്തിൽ 34 പന്തുകളിൽ 38 റൺസ് നേടി. ഇന്നിങ്സിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെട്ടു. ശേഷം ഹർമൻപ്രീത് കോർ കൂടെ ക്രീസിലുറച്ചതോടെ ഇന്ത്യ അനായാസമായി വിജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ ഹർമൻപ്രീറ്റ് 35 പന്തുകളിൽ 54 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും ഹർമൻപ്രീറ്റിന്റെ ഇന്നിംഗ്സില്‍ ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയം നേടുകയായിരുന്നു.

F0k 3dbagAEPBKj

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് പരമ്പരയ്ക്ക് ലഭിച്ചിട്ടുള്ളത്. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 13ന് ധാക്കയിൽ വച്ചാണ് നടക്കുന്നത്. ട്വന്റി20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുന്നുണ്ട്. മത്സരത്തിൽ മലയാളി താരം മിന്നുമണിക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത് പ്രതീക്ഷകൾ നൽകുന്നു. വരുമത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് മിന്നുമണി ഇന്ത്യൻ വനിത ടീമിൽ സ്ഥിര സാന്നിധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.