ഏകദിന ലോകകപ്പിനായി ഇന്ത്യയിൽ കളിക്കുന്നതിനും, ഇന്ത്യയെ ഇവിടെ വച്ച് നേരിടുന്നതിനും താങ്കൾക്ക് യാതൊരു ഭയവുമില്ല എന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ നായകൻ ബാബർ ആസം. പാക്കിസ്ഥാന്റെ ശ്രദ്ധ ഇന്ത്യക്കെതിരായ മത്സരത്തിൽ മാത്രമല്ലയെന്നും ബാബർ ആസാം സൂചിപ്പിക്കുകയുണ്ടായി. ഇപ്പോഴും തങ്ങൾ പാകിസ്ഥാൻ ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നും ബാബർ ആസാം പറഞ്ഞു. അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാൻ വരാൻ തങ്ങൾ തയ്യാറാണ് എന്നാണ് ബാബർ ആസാം പറയുന്നത്. മുൻപ് ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ കളിക്കാൻ വരില്ല എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ടീമിന് ഇന്ത്യയിൽ കളിക്കാൻ സമ്മതമാണ് എന്നാണ് ആസം വെളിപ്പെടുത്തിയിരിക്കുന്നത്.
“ഞങ്ങൾ പ്രധാനമായും ഇന്ത്യയിലേക്ക് പോകുന്നത് ലോകകപ്പ് കളിക്കാനാണ്. അങ്ങനെയാണ് ഞാൻ കരുതുന്നത്. അല്ലാതെ ഇന്ത്യക്കെതിരെ മാത്രം കളിക്കാനല്ല ഞങ്ങൾ പുറപ്പെടുന്നത്. അങ്ങനെ കേവലം ഒരു ടീമിൽ മാത്രം ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ടൂർണമെന്റിൽ മറ്റ് 9 ടീമുകളും അണിനിരക്കുന്നുണ്ട്. അതിനാൽ തന്നെ അവരെയൊക്കെയും തോൽപ്പിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കുകയുള്ളൂ.”- ബാബർ ആസാം പറയുന്നു.
“അഹമ്മദാബാദ് പോലെയുള്ള സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഞങ്ങൾക്ക് ഭയമുണ്ടോ എന്ന് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആരാധകർ ഉണ്ടാകുന്ന സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രൊഫഷണൽ ക്രിക്കറ്റർമാർ എന്ന നിലയ്ക്ക് ഞങ്ങൾ അതിന് അങ്ങേയറ്റം തയ്യാറാണ്. എവിടെ ക്രിക്കറ്റ് ഉണ്ടായാലും, എവിടെ മത്സരം നടന്നാലും ഞങ്ങൾ പോയി കളിക്കുക തന്നെ ചെയ്യും. ലോകത്തെ എല്ലാ രാജ്യങ്ങളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”- ബാബർ ആസാം കൂട്ടിച്ചേർക്കുന്നു.
2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളായിരുന്നു മുൻപ് പുറത്തുവന്നത്. ഇന്ത്യ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ കളിക്കാത്ത സാഹചര്യത്തിൽ പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരില്ല എന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഏഷ്യാകപ്പിന്റെ കാര്യത്തിന് മറ്റൊരു ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിർമ്മിക്കുകയുണ്ടായി. അതിനുശേഷമാണ് ഇപ്പോൾ ഏകദിന ലോകകപ്പിന്റെ കാര്യങ്ങളിലും സമവായ ചർച്ചകൾ നടക്കുന്നത്.