രോഹിതിന്റെ ഇന്നിങ്സ് അവിസ്മരണീയമായിരുന്നു. ഞങ്ങളുടെ പ്ലാനുകൾ പാളി. ബാബർ ആസം മത്സരശേഷം പറഞ്ഞത്.

ലോക ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം കാത്തിരുന്ന മത്സരം തന്നെയായിരുന്നു ഇന്ത്യ- പാക് പോരാട്ടം. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം സ്ഥാപിച്ച ഇന്ത്യ 7 വിക്കറ്റുകളുടെ വിജയവും സ്വന്തമാക്കുകയുണ്ടായി. ഒരു സമയത്ത് മത്സരത്തിൽ ശക്തമായ നിലയിൽ നിന്ന പാക്കിസ്ഥാനെ ഇന്ത്യൻ ബോളർമാർ എറിഞ്ഞിടുകയായിരുന്നു. 155 ന് 2 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 191 റൺസിന് ഓൾ ഔട്ട് എന്ന നിലയിലേക്ക് എത്തി. ശേഷം രോഹിത് ശർമയുടെ ബാറ്റിംഗ് വെടിക്കെട്ട് കൂടിയായതോടെ പാക്കിസ്ഥാൻ പൂർണമായും മത്സരത്തിൽ അടിയറവ് പറയുകയാണ് ഉണ്ടായത്. മത്സരത്തിലെ രോഹിത് ശർമയുടെ ഇന്നിംഗ്സാണ് തങ്ങൾക്ക് വെല്ലുവിളി ഉണ്ടാക്കിയത് എന്ന് പാക്കിസ്ഥാൻ നായകൻ ബാബർ ആസാം മത്സരശേഷം പറയുകയുണ്ടായി.

ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയതും തങ്ങൾക്ക് തിരിച്ചടി സൃഷ്ടിച്ചു എന്നാണ് ആസം പറയുന്നത്. “ഞങ്ങൾ മത്സരത്തിൽ വളരെ ശക്തമായി തന്നെയായിരുന്നു തുടങ്ങിയത്. മാത്രമല്ല ഇമാം ഉൾ ഹക്കുമൊപ്പം ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും എനിക്ക് സാധിച്ചിരുന്നു. ഞാനും റിസ്വാനും ശ്രമിച്ചത് സാധാരണ രീതിയിൽ കളിച്ച് മുൻപോട്ടു പോകാൻ തന്നെയാണ്. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ ഒരു ബാറ്റിംഗ് ദുരന്തം ഞങ്ങൾക്കുണ്ടായി. അതോടുകൂടി മത്സരം വേണ്ടവിധത്തിൽ ഫിനിഷ് ചെയ്യാനും ഞങ്ങൾക്ക് സാധിച്ചില്ല.”- ബാബർ ആസാം പറഞ്ഞു.

“മത്സരത്തിൽ ഞങ്ങൾ തുടങ്ങിയ രീതി വച്ച് നോക്കുമ്പോൾ 280-290 റൺസായിരുന്നു ഞങ്ങൾക്കു മുൻപിലുണ്ടായിരുന്ന ലക്ഷ്യം. പക്ഷേ അത്തരമൊരു സ്കോറിലെത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. പിന്നീട് ന്യൂബോളിലും ഞങ്ങളുടെ ബോളർമാർ മികവിനൊത്ത് ഉയർന്നില്ല എന്നതാണ് സത്യം. മാത്രമല്ല രോഹിത് ശർമ മത്സരത്തിൽ കളിച്ച രീതി ഞങ്ങളെ ബാധിച്ചു. ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയാണ് രോഹിത് മത്സരത്തിൽ കളിച്ചത്.”- ബാബർ ആസം കൂട്ടിച്ചേർക്കുന്നു. മത്സരത്തിൽ പാക്കിസ്ഥാനായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ആസാം കാഴ്ചവച്ചത്. മത്സരത്തിൽ 50 റൺസ് സ്വന്തമാക്കാൻ ആസമിന് സാധിച്ചു.

എന്നാൽ ബാബർ ആസം പുറത്തായതോടെയാണ് ഇന്ത്യൻ ബോളർമാർ ശക്തമായി മത്സരത്തിലേക്ക് തിരികെയെത്തിയത്. പിന്നീട് പാക്കിസ്ഥാൻ നിരയെ ചെറിയ ഇടവേളയിൽ തന്നെ എറിഞ്ഞിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്തായാലും വളരെ ശക്തമായ ഒരു വിജയം തന്നെയാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകകപ്പിലെ തങ്ങളുടെ റെക്കോർഡ് മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതുവരെ ഏകദിന ലോകകപ്പിൽ 8 മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഈ 8 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചു.

Previous articleപിച്ച് സ്ലോ ആണെന്ന് ആദ്യമേ മനസിലാക്കി ഞങ്ങൾ മറ്റൊരു പ്ലാൻ രൂപീകരിച്ചു.
Next article“മുഴുവൻ ക്രെഡിറ്റും ബോളർമാർക്ക് നൽകുന്നു. ഇതൊരു 190 റൺസ് പിച്ചായിരുന്നില്ല”. രോഹിത് ശർമ പറയുന്നു.