ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലിയെക്കാൾ മികച്ച ബാറ്റർ പാക്കിസ്ഥാൻ നായകൻ ബാബർ ആസമാണ് എന്ന പ്രസ്താവനയുമായി പാകിസ്താന്റെ മുൻ താരം റാണ നവേദ് ഉൾ ഹഖ്. ഇന്ത്യയിലെ പിച്ചുകൾ ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായതിനാൽ മാത്രമാണ് കോഹ്ലി ബാബറെക്കാൾ കൂടുതൽ ഷോട്ടുകൾ കളിക്കുന്നതെന്നും റാണ നവേദ് പറയുകയുണ്ടായി. മാത്രമല്ല താൻ ഇപ്പോൾ തന്റെ പ്രതാപകാല ഫോമിൽ ആയിരുന്നുവെങ്കിൽ കോഹ്ലിയെ നിസാരമായി പുറത്താക്കിയേനെ എന്നും മുൻ പാകിസ്ഥാൻ താരം പറയുന്നു.
“വിരാട് കോഹ്ലിയെ ബാബർ ആസമുമായി താരതമ്യം ചെയ്യുമ്പോഴൊക്കെയും ഞാൻ പറയാറുള്ളത് ബാബർ ആസമാണ് മികച്ച ബാറ്ററെന്ന് തന്നെയാണ്. കാരണം വളരെ ചെറിയ അവസരങ്ങളിൽ മാത്രമേ ആസം ബാറ്റിംഗിൽ പരാജയപ്പെട്ടിട്ടുള്ളൂ. എന്നാൽ കോഹ്ലി കുറച്ചധികം വർഷങ്ങളായി പരാജയപ്പെടുകയാണ്. ഇതിന് കാരണം കോഹ്ലി ഒരു ബോട്ടം ഹാൻഡ് കളിക്കാരനാണ് എന്നതാണ്. മാത്രമല്ല ഇത്തരത്തിലുള്ള കളിക്കാർ പരാജിതരാവാൻ തുടങ്ങിയാൽ അത് ഒരുപാട് കാലം നീണ്ടുനിൽക്കുകയും ചെയ്യും.”- റാണ നവേദ് പറയുന്നു.
“സാങ്കേതികപരമായി ഏറ്റവും മികച്ച ഒരു ബാറ്റർ ബാബർ തന്നെയാണ്. എന്നാൽ കോഹ്ലിക്കാണ് ഒരുപാട് ഷോട്ടുകൾ കളിക്കാൻ സാധിക്കുന്നത്. ബാബർ തന്റെ പരിമിതമായ ഷോട്ടുകൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററാണ്. എന്നാൽ കോഹ്ലി ഇത്രമാത്രം ഷോട്ടുകൾ കളിക്കാൻ കാരണമായുള്ളത് ഇന്ത്യയിലെ തകർപ്പൻ ബാറ്റിംഗ് പിച്ചുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം ലോകനിലവാരമുള്ള ബോളർമാരെ നേരിടുന്ന ബാറ്ററാണ് വിരാട് കോഹ്ലി.”- റാണ നവേദ് കൂട്ടിച്ചേർക്കുന്നു.
“ഒരുപക്ഷേ ഞാൻ എന്റെ പഴയ താളത്തിലാണ് ഇപ്പോഴുള്ളതെങ്കിൽ, ഇവരിൽ രണ്ടുപേരിൽ കോഹ്ലിയെയാവും എനിക്ക് ഏറ്റവും വേഗതയിൽ ഔട്ട് ആക്കാൻ സാധിക്കുക. എനിക്ക് മികച്ച രീതിയിൽ ഔട്ട്സിങ് പന്തുകൾ എറിയാൻ സാധിക്കും. അതിനാൽ തന്നെ വിരാട് കോഹ്ലി എന്റെ പന്തിൽ സ്ലിപ്പിലോ വിക്കറ്റ് കീപ്പർക്കോ ക്യാച്ച് നൽകി പുറത്താവും.”- റാണ നവേദ് പറഞ്ഞുവയ്ക്കുന്നു. നിലവിൽ ഇന്ത്യയുടെ വെസ്റ്റിൻഡസിനെയായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് വിരാട് കോഹ്ലി. ജൂലൈ 20നാണ് ഇന്ത്യയുടെ വിൽഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.