ഡൽഹിയുടെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി അക്ഷർ പട്ടേൽ. മത്സരത്തിൽ ഡൽഹിക്കായി ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയായിരുന്നു അക്ഷർ കാഴ്ചവച്ചത്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാമനായി ആയിരുന്നു അക്ഷർ പട്ടേൽ ക്രീസിലെത്തിയത്. വലിയൊരു തകർച്ചയിലേക്ക് പോവുകയായിരുന്ന ഡൽഹിയെ ഉയർത്തിക്കൊണ്ടു വരാൻ അക്ഷർ പട്ടേലിന് സാധിച്ചു. മത്സരത്തിൽ 98ന് 5 എന്ന നിലയിൽ ഡൽഹി പതറുമ്പോളാണ് അക്ഷർ ക്രീസിൽ എത്തിയത്. ശേഷം അക്ഷർ മുംബൈ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ചു. ആറാം വിക്കറ്റിൽ ഡേവിഡ് വാർണറുമൊത്ത് 67 റൺസിന്റെ കൂട്ടുകെട്ടാണ് അക്ഷർ സൃഷ്ടിച്ചത്.
മാത്രമല്ല മുംബൈ ബോളിഗ് നിരയിലെ വമ്പന്മാരെയൊക്കെയും അടിച്ചുതൂക്കാൻ അക്ഷറിന് സാധിച്ചു. കേവലം 22 പന്തുകളിലായിരുന്നു അക്ഷർ മത്സരത്തിൽ തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ അക്ഷർ 25 പന്തുകളിൽ 54 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ നാല് ബൗണ്ടറികളും അഞ്ച് പടുകൂറ്റൻ സിക്സറുകളുമാണ് ഉൾപ്പെട്ടത്. മത്സരത്തിൽ 216 സ്ട്രൈക്ക് റേറ്റിലാണ് അക്ഷർ പട്ടേൽ കളിച്ചത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം തന്നെ ഡൽഹിക്കായി ഓപ്പണർ ഡേവിഡ് വാർണറും പൃഥ്വി ഷായും(15) നൽകി. ശേഷം മനീഷ് പാണ്ഡയും(26) ക്രീസിൽ ഉറയ്ക്കുകയുണ്ടായി. എന്നാൽ മനീഷ് പുറത്തായതോടുകൂടി ഡൽഹി ബാറ്റിംഗ് നിര തകർന്നടിയാൻ തുടങ്ങുകയായിരുന്നു. ഡേവിഡ് വാർണർ മത്സരത്തിൽ 47 പന്തുകളിൽ 51 റൺസ് നേടി.
മധ്യ ഓവറുകളിലെ അക്ഷർ പട്ടേലിന്റെ പ്രകടനമാണ് ഡൽഹിക്ക് മത്സരത്തിൽ ഭേദപ്പെട്ട സ്കോർ നൽകിയത്. എന്നാൽ അവസാന ഓവറുകളിൽ തുരുതുരെ വിക്കറ്റുകൾ വീണതോടുകൂടി മുംബൈ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 172 റൺസാണ് ഡൽഹി ബോർഡീൽ ചേർത്തിരിക്കുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ഈ ലക്ഷ്യം മുംബൈയ്ക്ക് മറികടക്കാൻ ആവുമോ എന്നത് കണ്ടറിയേണ്ടതാണ്.