വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയുടെ സൂപ്പർ ഓൾ റൗണ്ടർമാരിൽ സ്ഥാനം നേടിയ താരമാണ് അക്ഷർ പട്ടേൽ. അശ്വിനും ജഡേക്കും ഒപ്പം നിർണായക സ്ഥാനമാണ് ഇന്ത്യൻ ടീമിൽ ഇപ്പോൾ അക്ഷറിനുള്ളത്. നിലവിൽ ഇന്ത്യയുടെ 3 ഫോർമാറ്റുകളിലും സ്ഥിര സാന്നിധ്യമാണ് താരം. ടെസ്റ്റ് ക്രിക്കറ്റ് ഓൺ റൗണ്ടർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനമാണ് അക്ഷറിനുള്ളത്. ഐപിഎല്ലിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന താരം ഡൽഹി ക്യാപിറ്റൽസിന്റെ സഹ നായകനാണ്.
വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് അക്ഷർ നൽകുന്നത്. വിക്കറ്റ് വീഴ്ത്താൻ യാതൊരുവിധ മടിയും ഇല്ലാതിരുന്ന താരത്തിന്റെ ആകെ ഉണ്ടായിരുന്ന പ്രശ്നം ബാറ്റിംഗിൽ സ്ഥിരത ഇല്ലാത്തതായിരുന്നു. എന്നാൽ സമീപകാലത്ത് ആ പ്രശ്നവും താരം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ താരം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ എങ്ങനെയാണ് താൻ ക്രിക്കറ്റിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.”എൻ്റെ അമ്മൂമ്മ കാരണമാണ് ഞാൻ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ തുടങ്ങിയത്. അമ്മൂമ്മയ്ക്ക് ഞാൻ കുടുംബത്തിലെ ഇളയ കുട്ടി ആയതിനാൽ കൂടുതൽ ഇഷ്ടം എന്നെയായിരുന്നു.
ഞാൻ ആ സമയത്ത് ക്രിക്കറ്റ് കളിച്ചിരുന്നു. അപ്പോൾ അമ്മൂമ്മ ചോദിക്കും നിന്നെ ടിവിയിൽ എന്നെങ്കിലും കാണാനാകുമോ എന്ന്. നിൻ്റെ മുത്തശ്ശിയാണ് നീ ഇന്ത്യക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകയാൾ എന്ന് അച്ഛൻ പറയുമായിരുന്നു. നിൻ്റെ മത്സരം വരുമ്പോൾ പറയൂ ഞാൻ ടിവിയിൽ കാണാം എന്ന് അമ്മൂമ്മ പറയുമായിരുന്നു. ഞാൻ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ തുടങ്ങിയത് അമ്മൂമ്മയുടെ ആഗ്രഹപ്രകാരമാണ്. ഇന്ത്യൻ ടീമിൽ കളിക്കണമെന്ന് ആഗ്രഹത്തോടെ അമ്മൂമ്മയ്ക്കായി ഞാൻ മുന്നോട്ടു പോയി. അമ്മൂമ്മ മരണപ്പെട്ടത് അണ്ടർ 16 ടീമിനൊപ്പം ടൂർണമെൻറ് കളിക്കുന്നതിനിടയിലാണ്. ഹൃദയാഘാതം മൂലമാണ് അമ്മൂമ്മ മരണപ്പെട്ടത്.
അമ്മൂമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ടൂർണമെന്റിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛൻ കരഞ്ഞില്ല. അല്പനേരം കഴിഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ച് അച്ഛൻ കരഞ്ഞു. ഇതിന് മുൻപ് നിന്നോട് ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്നാൽ എൻ്റെ അമ്മയുടെ ആഗ്രഹമായിരുന്നു നിന്നെ ടിവിയിൽ കാണണമെന്ന്. ക്രിക്കറ്റിനെ ജീവിതമാക്കി മാറ്റാൻ ആ രാത്രി ഞാൻ തീരുമാനിച്ചു. അന്ന് മുതലാണ് ക്രിക്കറ്റിന് ഇഷ്ടപ്പെട്ടിരുന്നെങ്കിലും കൂടുതൽ ഗൗരവത്തോടെ കാണാൻ ഞാൻ തുടങ്ങിയത്.”-താരം പറഞ്ഞു.