ഇന്നലെയായിരുന്നു ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാം 20-20 മത്സരം. മത്സരത്തിൽ ഇന്ത്യയെ 16 റൺസിന് പരാജയപ്പെടുത്തി പരമ്പരയിൽ ഇന്ത്യയുടെ ഒപ്പം എത്താൻ ശ്രീലങ്കക്ക് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
മത്സരത്തിൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 57 റൺസ് എടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് സൂര്യ കുമാർ യാദവും അക്ഷർ പട്ടേലും ശിവം മാവിയുമാണ്.എല്ലാവരെയും ഞെട്ടിച്ച് വെടിക്കെട്ട് പ്രകടനമായിരുന്നു അക്ഷർ കാഴ്ചവച്ചത്.31 പന്തുകളിൽ നിന്നും 65 റൺസ് ആണ് താരം നേടിയത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് താൻ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ സൂര്യകുമാർ യാദവുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തിയ അക്ഷർ പട്ടേലിന്റെ വാക്കുകളാണ്.
“ഞാൻ ബാറ്റ് ചെയ്യാൻ പോയപ്പോൾ സൂര്യ കുമാർ യാദവുമായി സംസാരിച്ചു. ഞങ്ങൾ പരസ്പരം പറഞ്ഞത് നമ്മളുടെ പോരാട്ടവീര്യം കാണിക്കണം എന്നാണ്. ചിലതൊക്കെ സംഭവിക്കുവാൻ ഒരു ഓവറിൽ 10-12 റൺസ് എടുത്താൽ മതി.പിന്നെ എന്തും സംഭവിക്കാൻ ഇടയിലെ ഓവറുകളിൽ കൂടുതൽ റൺസ് നേടിയാൽ മതി.ഞങളുടെ മനോഭാവം അതായിരുന്നു.”- താരം പറഞ്ഞു.
ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അക്ഷർ പട്ടേൽ.മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാൻ അക്ഷർ പട്ടേലിന് സാധിച്ചിരുന്നു. ഏഴാമനായി ഇറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ആണ് അക്ഷർ പട്ടേൽ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ റെക്കോർഡ് ആണ് താരം മറികടന്നത്.