ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരക്ക് അവസാനം കുറിച്ചു. മൂന്നാം മത്സരത്തില്‍ 6 വിക്കറ്റിന്‍റെ വിജയവുമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലൂടനീളം 8 വിക്കറ്റ് നേടിയ അക്സര്‍ പട്ടേലാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
4-0-17-3, 2-0-13-2, 4-0-33-3 എന്നിങ്ങനെയാണ് അക്സര്‍ പട്ടേലിന്‍റെ പരമ്പരയിലെ പ്രകടനം. ജഡേജക്ക് പരിക്കേറ്റതോടെയാണ് ഗുജറാത്ത് ഓള്‍റൗണ്ടര്‍ക്ക് അവസരം ലഭിച്ചത്. ലഭിച്ച അവസരം നന്നായി വിനിയോഗിച്ച അക്സര്‍ പരമ്പരയിലെ താരമായാണ് മടങ്ങുന്നത്.
ജഡേജക്ക് ഒത്ത പകരക്കാരനായി മാറുന്ന അക്സര്‍ പട്ടേല്‍, വരുന്ന ടി20 ലോകകപ്പില്‍ പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ജഡേജയാക്കാള്‍ മികച്ച രീതിയില്‍ അക്സര്‍ പന്തെറിയുന്നത് എന്ന് മുന്‍ ഇന്ത്യന്‍ താരം ആശീഷ് നെഹ്റ വിലയിരുത്തി.
“അക്ഷർ പട്ടേലിന്റെ ഏറ്റവും വലിയ ശക്തി അവൻ ടൈറ്റ് ലൈനില്‍ എറിയുന്നു എന്നതാണ്. എല്ലായ്പ്പോഴും സ്റ്റമ്പുകളിൽ എറിയുന്ന താരം ബാറ്റര്‍മാര്‍ക്ക് റൂം നല്‍കുന്നില്ലാ. അതിനാല്‍ ബാറ്റിംഗ് പിച്ചില്‍ പോലും അവനെതിരെ കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.”
“അദ്ദേഹത്തിന് തന്റെ ലൈനിന്‍റെ കാര്യത്തിലും നല്ല നിയന്ത്രണമുണ്ട്. അവനെതിരെ സ്വീപ്പ് കളിക്കാനോ കവറുകൾക്ക് മുകളിലൂടെ പോകാനോ ബുദ്ധിമുട്ടാണ്. ജഡേജയെക്കാൾ ഉയരം അക്‌സർ പട്ടേലിനുണ്ട്, അതുകൊണ്ടാണ് താരതമ്യപ്പെടുത്തുമ്പോൾ ബൗളിംഗില്‍ അക്സര്‍ കൂടുതൽ വിജയം നേടുന്നത്.” നെഹ്റ കൂട്ടിചേര്‍ത്തു