അക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് നായകന്‍. രാഹുലിനെ ഒഴിവാക്കിയത് അവസാനഘട്ട തീരുമാനം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 എഡിഷനിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകനായി അക്ഷർ പട്ടേൽ. കഴിഞ്ഞ സീസണിൽ ഇന്ത്യയുടെ സൂപ്പർ താരം റിഷഭ് പന്ത് ആയിരുന്നു ഡൽഹിയുടെ നായകൻ. എന്നാൽ ഇത്തവണത്തെ മെഗാ ലേലത്തിൽ പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കുകയായിരുന്നു. 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ ഡൽഹിയുടെ നായകനായി ആരെത്തുമെന്ന കാര്യത്തിൽ വലിയ സംശയങ്ങൾ നിലനിന്നിരുന്നു. സൂപ്പർ താരം രാഹുൽ ഡൽഹി നായകനായി മാറും എന്ന റൂമറുകളും പ്രചരിച്ചിരുന്നു. ഇത്തവണത്തെ ലേലത്തിൽ 14 കോടി രൂപയ്ക്ക് രാഹുലിനെ ഡൽഹി സ്വന്തമാക്കിയിരുന്നു. എന്നാൽ രാഹുലിനെ ഒഴിവാക്കി ഇപ്പോൾ അക്ഷറിനെയാണ് ഡൽഹി നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അടക്കം വളരെ മികച്ച പ്രകടനങ്ങളാണ് അക്ഷർ ഇന്ത്യക്കായി കാഴ്ച വെച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹി ടീമിന്റെ നായകസ്ഥാനം അക്ഷറിന് ലഭിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ട്വന്റി20 ക്രിക്കറ്റിൽ അക്ഷർ നായകനായി എത്തുന്നത്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ 2018 മുതൽ 2024 വരെ ബറോഡ ടീമിനെ 16 ട്വന്റി20 മത്സരങ്ങളിൽ അക്ഷർ പട്ടേൽ നയിച്ചിട്ടുണ്ട്. ഇതിൽ 10 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിക്കാനും അക്ഷറിന് സാധിച്ചു. 2024 മെയ് 12ന് ബാംഗ്ലൂരിനെതിരെ നടന്ന ഡൽഹിയുടെ മത്സരത്തിലും അക്ഷർ നായകനായി എത്തിയിരുന്നു. മത്സരത്തിൽ 47 റൺസിന് ഡൽഹി പരാജയപ്പെടുകയുണ്ടായി.

ട്വന്റി20 നായകൻ എന്ന നിലയിൽ 364 റൺസാണ് അക്ഷർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 36.4 എന്ന ശരാശരിയിലാണ് അക്ഷറിന്റെ ഈ നേട്ടം. ബോളിങ്ങിൽ നായകൻ എന്ന നിലയിൽ 13 വിക്കറ്റുകൾ സ്വന്തമാക്കാനും അക്ഷറിന് സാധിച്ചിട്ടുണ്ട്. സൈദ് മുസ്തഖ് അലി ട്രോഫിയിൽ മികവാർന്ന പ്രകടനങ്ങളാണ് അക്ഷർ കാഴ്ചവച്ചത്. ഇത്തരത്തിൽ ഡൽഹിയുടെ നായകസ്ഥാനം ലഭിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ട് എന്ന് അക്ഷർ ഒരു വീഡിയോയിൽ പറയുകയുണ്ടായി.

“ഡൽഹി ക്യാപിറ്റൽസ് നായകനായി എത്തുക എന്നത് എന്നെ സംബന്ധിച്ച വലിയൊരു അംഗീകാരം തന്നെയാണ്. ടീമിന്റെ ഓണർമാരോടും സപ്പോർട്ടിംഗ് സ്റ്റാഫുകളോടും ഞാൻ ഒരുപാട് നന്ദി പറയുന്നു. അവർ എന്നെ വിശ്വസിക്കുകയാണ് ചെയ്തത്. ഡൽഹി ക്യാപിറ്റൽസിലുള്ള സമയത്ത് തന്നെയാണ് ഞാനൊരു ക്രിക്കറ്ററായും ഒരു നല്ല മനുഷ്യനായും ഉയർന്നു വന്നത്. അതുകൊണ്ടുതന്നെ ടീമിനെ നയിക്കാനും ടീമിന് വേണ്ട ആത്മവിശ്വാസം നൽകാനും എനിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ടീമിനെ ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ കൂടുതൽ ശ്രമിക്കും.”- അക്ഷർ പട്ടേൽ പറയുകയുണ്ടായി.

Previous articleരോഹിത് എന്തിന് വിരമിക്കണം? അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് അപാരം ; ഡിവില്ലിയേഴ്സ്