ഇന്നലെയായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചു 20-20 പരമ്പരയിലെ നാലാം മത്സരം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്തി. ഞായറാഴ്ച നടക്കുന്ന അവസാന ട്വൻറി 20 യിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ മോശം പ്രകടനം പുറത്തെടുത്ത താരമായിരുന്നു ആവേശ് ഖാൻ. എന്നാൽ ഇന്നലത്തെ നിർണായകമായ മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. നാലോവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് ആയിരുന്നു താരം എടുത്തത്. ഒരൊറ്റ ഓവറിൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ദക്ഷിണാഫ്രിക്കയെ തോൽവിയിലേക്ക് തള്ളിയിട്ടത്.
ഇപ്പോഴിതാ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട തന്നിൽ വിശ്വസിച്ച് നാലാം മത്സരത്തിൽ ഇറക്കിയതിനാണ് പരിശീലകനോട് യുവതാരം നന്ദി അറിയിച്ചത്. ആദ്യ മത്സരങ്ങളിൽ മികച്ച രീതിയിൽ പന്തെറിയാൻ സാധിക്കാത്തതിൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.
“നാല് മത്സരങ്ങളായി ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. അതിനാൽ ക്രെഡിറ്റ് രാഹുൽ (ദ്രാവിഡ്) സാറിന്. എല്ലാവർക്കും അവസരങ്ങൾ നൽകുകയും അവർക്ക് വേണ്ടത്ര മത്സരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഒരു കളിക്കാരനെ ഒഴിവാക്കുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ വിലയിരുത്തരുത്. ”
ദ്രാവിഡ് സാറിന്റെ വിശ്വാസമാണ് എന്റെ മികച്ച പ്രകടനത്തിന്റെ കാര്യം.എനിക്ക് മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ രാഹുൽ സാറും ടീം മാനേജ്‌മെന്റും ഇന്ന് എനിക്ക് മറ്റൊരു അവസരം നൽകി, ഞാൻ നാല് വിക്കറ്റ് വീഴ്ത്തി.”- ആവേശ് ഖാൻ പറഞ്ഞു.