ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി നായകൻ എന്നുള്ള വിശേഷണം സ്വന്തമാക്കിയാണ് വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് മൂന്ന് ഫോർമാറ്റിലും കുതിപ്പ് തുടരുന്നത്. ഇന്ത്യൻ ടീമിനെ അനേകം ഐതിഹാസിക ജയങ്ങളിലേക്ക് അടക്കം നയിച്ച താരം രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റനാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിലവിൽ സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ നാളത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ടി :20 പരമ്പര ജയം റിഷാബ് പന്തിന്റെ ക്യാപ്റ്റൻസി കരിയറിലും പ്രധാനമാണ്. ഇപ്പോൾ റിഷാബ് പന്തിനെ കുറിച്ച് ഒരു വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.
റിഷാബ് പന്ത് ക്യാപ്റ്റൻസി റോളിൽ അനേകം കഴിവുള്ള ആളാണെന്ന് പറഞ്ഞ സഹീർ ഖാൻ ചില പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. ഐപിഎല്ലിൽ മോശം ബാറ്റിംഗ് ഫോമിനാൽ സമ്മർദ്ദം നേരിടുന്ന താരം ക്യാപ്റ്റൻസിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് മുന്‍ താരത്തിന്‍റെ നിരീക്ഷണം.” റിഷാബ് പന്ത് അവനൊരു സ്പെഷ്യൽ കളിക്കാരൻ തന്നെയാണ്. നമുക്ക് അറിയാം അവൻ റൺസ് നേടുമ്പോൾ ആളുകൾ എല്ലാം അവനെ കുറിച്ചാണ് സംസാരിക്കുക. പക്ഷേ അവന്റെ ബാറ്റിൽ നിന്നും റൺസ് പിറക്കാതെ വരുമ്പോൾ ആരും മിണ്ടാറില്ല. അതുപോലെ തന്നെ അവന്റെ ക്യാപ്റ്റൻസി റോളും. അതിന് അൽപ്പം സമയം ആവശ്യമാണ് ” സഹീർ ഖാൻ അഭിപ്രായം വിശദമാക്കി.

” റിഷാബ് പന്തിനെ സംബന്ധിച്ചിടത്തോളം അവൻ അവന്റെ ശൈലി ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ല. അവനിലെ ക്യാപ്റ്റൻസി സ്കിൽ പുറത്തേക്ക് വരുവാൻ സമയം വേണം. അതിന് നമ്മൾ സമ്മതിക്കണം. കൂടാതെ അവന് ചില കാര്യങ്ങളിൽ ശ്രദ്ധയോടെ മുന്നോട്ട് പോകാനും കഴിയണം. എങ്കിലും അവന്റെ കാര്യത്തിൽ എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എല്ലാ കാര്യത്തിലും നൂറ് ശതമാനം നൽകുന്ന ആളാണ് റിഷാബ് പന്ത്. എല്ലാമേഖലയിലും ശോഭിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ശ്രമിക്കുന്നുണ്ട് ” മുൻ ഇന്ത്യൻ പേസർ അഭിപ്രായം വ്യക്തമാക്കി.