പരിക്കുമൂലം ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിന് ഐപിഎൽ കളിക്കാൻ ആകുമോ എന്ന ആശങ്കയിൽ ഡൽഹി ക്യാപിറ്റൽസ്. പാകിസ്ഥാനെതിരെയുള്ള പരമ്പരയിലാണ് താരത്തിനാണ് കണങ്കാലിനു പരിക്കേറ്റത്.
ഇപ്പോഴിതാ പരിക്കിൻ്റെ പിടിയിൽപെട്ടിരിക്കുന്ന താരം ഐപിഎല്ലിന് ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഡൽഹി. ആകെ ഏഴ് വിദേശ കളിക്കാർ മാത്രമാണ് ഡൽഹി സ്ക്വാഡിൽ ഉള്ളത്. ഞായറാഴ്ച മുംബൈയ്ക്ക് എതിരെ നടന്ന മത്സരത്തിൽ രണ്ട് വിദേശ കളിക്കാരെ മാത്രമേ കളത്തിലിറക്കാൻ ഡൽഹിക്ക് സാധിച്ചുള്ളൂ.
ഡേവിഡ് വാർണറും മാർഷും ഏപ്രിൽ ആറിന് ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേരും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മാർഷ് പരിക്കിൻ്റെ പിടിയിലായി എന്നാണ് അറിയുന്നത്.
ദക്ഷിണാഫ്രിക്കൻ-ബംഗ്ലാദേശ് ഏകദിനപരമ്പര മൂലം ഫാസ്റ്റ് ബൗളർമാരായ ലുങ്കി എങ്കിഡീ,മുസ്തഫീസൂർ റഹ്മാൻ എന്നിവർ ഇപ്പോൾ ക്വാറൻ്റൈനിൽ ആണ്. ഏപ്രിൽ രണ്ടിന് അവർക്ക് ടീമിനൊപ്പം ചേരാൻ ആകുമെന്നാണ് കരുതുന്നത്.
ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോർച്ചയുടെ കാര്യവും സംശയത്തിലാണ്. പരിക്കുമൂലം താരത്തിനും ആദ്യ മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല. സൺറൈസേഴ്സിന് വേണ്ടി കഴിഞ്ഞ വർഷം കളിച്ച മാർഷ് ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ് ഐപിഎല്ലിൽ നിന്ന് പുറത്തായിരുന്നു.
ആറര കോടി രൂപയ്ക്ക് ആയിരുന്നു ഡൽഹി ക്യാപിറ്റൽസ് മാർഷിനെ സ്വന്തമാക്കിയത്. ഈ വർഷവും ഐപിഎൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ, തുടർച്ചയായ മൂന്നാം വർഷമാകും താരത്തിന് ഐപിഎൽ നഷ്ടപ്പെടുന്നത്.