ഈ മാസം ഒമ്പതിനാണ് ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം തുടങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. നിലവിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യക്ക് മൂന്നാമത്തെ മത്സരത്തിൽ അടിവപതറി. മൂന്നാം ടെസ്റ്റ് മത്സരത്തിൽ അതിശക്തമായി തിരിച്ചുവന്ന ഓസ്ട്രേലിയ ഇന്ത്യയെ നിഷ്പ്രയാസം പരാജയപ്പെടുത്തി പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. മൂന്നാമത്തെ ടെസ്റ്റിൽ നായകൻ പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്ത് ആയിരുന്നു ഓസ്ട്രേലിയയെ നയിച്ചിരുന്നത്.
ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നാലാമത്തെ ടെസ്റ്റും ഓസ്ട്രേലിയൻ നായകന് നഷ്ടമാകും എന്നാണ് അറിയുന്നത്. തൻ്റെ സുഖമില്ലാത്ത അമ്മ മരിയ കമ്മിൻസിനെ ശുശ്രൂഷിക്കാൻ വേണ്ടിയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയും താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
കുടുംബത്തോടൊപ്പം തുടരുവാൻ അമ്മയുടെ രോഗാവസ്ഥയാണ് താരത്തെ നിർബന്ധിതനാക്കുന്നത്. ഈ വർഷത്തെ ഐ.പി.എൽ സീസണിൽ നിന്നും താരം പിന്മാറിയിരുന്നു. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുവാൻ ഇന്ത്യയ്ക്ക് നാലാമത്തെ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. ഫൈനലിലേക്കുള്ള യാത്രയിൽ ഇന്ത്യക്ക് സങ്കീർണ്ണമായത് മൂന്നാമത്തെ ടെസ്റ്റിലെ വമ്പൻ തോൽവിയായിരുന്നു. നാലാം ടെസ്റ്റിൽ കങ്കാരുപ്പടയെ തകർക്കാൻ സാധിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാം.