ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാട് പ്രസ്താവനകളുമായി മുൻ താരങ്ങൾ രംഗത്തെത്തുകയുണ്ടായി. പലരും അവകാശപ്പെടുന്നത് ഇത്തവണത്തെ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നു എന്ന് തന്നെയാണ്. അതിനാൽ ഓസ്ട്രേലിയ കിരീടം അർഹിച്ചിരുന്നില്ല എന്നു പ്രസ്താവിച്ചവരും ധാരാളമാണ്.
എന്നാൽ ഇത്തരം പ്രസ്താവനകൾ തീർത്തും ബാലിശമാണ് എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്. ഓസ്ട്രേലിയ തന്നെയായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം എന്ന് ഗൗതം ഗംഭീർ പറയുന്നു. അതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗംഭീർ സംസാരിച്ചത്.
“ഈ അഭിപ്രായം ഒരുപാട് ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കില്ലയിരിക്കും. ചില എക്സ്പേർട്ടുകൾ പോലും ഇക്കാര്യത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമല്ല കിരീടം ചൂടിയത് എന്നാണ് ചില എക്സ്പെർട്ടുകൾ പറഞ്ഞത്. അത് തീർത്തും അബദ്ധമാണ്. ഇതുവരെ ഞാൻ കേട്ടതിൽ ഏറ്റവും ബ്ലണ്ടർ പ്രസ്താവനയാണ് അത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം തന്നെയാണ് കിരീടം സ്വന്തമാക്കിയത്. സത്യസന്ധമായി പറഞ്ഞാൽ അതാണ് വസ്തുത.”- ഗൗതം ഗംഭീർ പറയുന്നു.
“ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിന് മാത്രമാണ് കിരീടം സ്വന്തമാക്കാൻ സാധിക്കുക. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാൻ സാധിക്കില്ല. ഇന്ത്യ 10 മത്സരങ്ങളിൽ വിജയം കണ്ടു എന്നത് സത്യമാണ്. പക്ഷേ ഒരു മോശം മത്സരം അവർക്കുണ്ടായി. ഫൈനലും സെമിഫൈനലും നോക്കൗട്ട് മത്സരങ്ങളാണ് എന്ന സത്യാവസ്ഥ നമ്മൾ അംഗീകരിക്കണം. നിങ്ങൾ പോയിന്റസ് ടെബിളിൽ ഒന്നാം സ്ഥാനത്താണോ നാലാം സ്ഥാനത്താണോ ഫിനിഷ് ചെയ്തത് എന്നതിലല്ല കാര്യം.നോക്കൗട്ട് മത്സരത്തിൽ വിജയിച്ച് കിരീടം സ്വന്തമാക്കുക എന്നതിലാണ്.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ലോകകപ്പിലെ ലീഗ് മത്സരങ്ങളിൽ വിജയം കാണുക എന്നത് നോക്കൗട്ടിലെ സമ്മർദ്ദ മത്സരങ്ങളിൽ വിജയം കാണുന്നതിനേക്കാൾ അനായാസകരമാണ് എന്ന് ഗംഭീർ പറയുന്നു. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് കിരീടം ചൂടിയത് എന്നാണ് ഗംഭീർ വിശ്വസിക്കുന്നത്. മത്സരത്തിൽ ഓസ്ട്രേലിയ ഏറ്റവും മികച്ച രീതിയിൽ തന്നെയായിരുന്നു വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 241 എന്ന വിജയലക്ഷ്യം 43 ഓവറുകളിൽ തന്നെ മറികടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയക്കായി ബാറ്റർ ഹെഡ് ആണ് മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയത്. ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്.