ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയവുമായി വെസ്റ്റിൻഡീസ്. 27 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് മത്സരം വിജയിച്ചാണ് വെസ്റ്റിൻഡീസ് ടീം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഗാബയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾ സ്വന്തമാക്കിയ ഷമാർ ജോസഫിന്റെ തകർപ്പൻ ബോളിംഗ് മികവിലാണ് ഓസ്ട്രേലിയ വിൻഡീസിനെ അട്ടിമറിച്ചത്.
ഓസ്ട്രേലിയയെ സംബന്ധിച്ച് വലിയൊരു ഞെട്ടലാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. സമീപകാലത്ത് മോശം പ്രകടനങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ടീമാണ് വിൻഡീസ്. എന്നാൽ ഒരു ശക്തമായ തിരിച്ചുവരവാണ് വിൻഡിസ് ഇവിടെ നടത്തിയിരിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസം പരിക്ക് മൂലം പുറത്തായ ജോസഫിന്റെ പോരാട്ട വീര്യമാണ് മത്സരത്തിൽ വിൻഡിസിനെ സഹായിച്ചത്.
ഗാബയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ആദ്യ ഇന്നിംഗ്സിൽ വിൻഡീസിന് ലഭിച്ചത്. എന്നാൽ വിൻഡീസിനായി മധ്യനിരയിൽ ഹോഡ്ജ് തിളങ്ങുകയുണ്ടായി. മത്സരത്തിൽ 71 റൺസ് സ്വന്തമാക്കാൻ ഹോഡ്ജിന് സാധിച്ചു.
ഒപ്പം വിക്കറ്റ് കീപ്പർ ജോഷ്വ ഡാ സിൽവയും 79 റൺസുമായി കളം നിറഞ്ഞതോടെ വിൻഡീസിന്റെ സ്കോർ കുതിച്ചു. വാലറ്റത്ത് സിംക്ലയർ(50) അർത്ഥസെഞ്ച്വറി നേടിയതോടെ വിൻഡിസിന്റെ സ്കോർ 300 കടക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 311 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ വിൻഡീസിന് സാധിച്ചു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കായി ഉസ്മാൻ ഖവാജയാണ് മുൻനിരയിൽ തിളങ്ങിയത്.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ ഖവാജ 75 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ ഓസീസിന്റെ മറ്റു മുൻനിര ബാറ്റർമാരൊക്കെയും പരാജയപ്പെട്ടു. ഇതോടെ ഓസീസ് ഒരു സമയത്ത് വലിയ തകർച്ചയിലേക്ക് നീങ്ങുകയുണ്ടായി. പിന്നീട് വിക്കറ്റ് കീപ്പർ അലക്സ് കെയറിയാണ് ഓസ്ട്രേലിയയെ രക്ഷിച്ചത്.
49 പന്തുകളിൽ 65 റൺസ് നേടിയ അലക്സ് കെയറിയും, 73 പന്തുകളിൽ 64 റൺസ് നേടിയ നായകൻ കമ്മീൻസും ഓസീസിനെ വലിയ ദുരന്തത്തിൽ നിന്ന് പിടിച്ചു കയറ്റുകയായിരുന്നു. 289 റൺസാണ് ഓസീസ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ നേടിയത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 22 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ വിൻഡീസിന് സാധിച്ചിരുന്നു.
രണ്ടാം ഇന്നിംഗ്സിലും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ വിൻഡീസിന് സാധിച്ചില്ല. പല ബാറ്റർമാർക്കും മികച്ച തുടക്കങ്ങൾ ലഭിച്ചങ്കിലും അത് വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ വന്നു. ഇതോടെ വിൻഡിസ് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ 193 റൺസിന് പുറത്താവുകയായിരുന്നു.
ഇതിനിടെ വിൻഡിസ് പേസർ ഷമർ ജോസഫിന് സ്റ്റാർക്കിന്റെ പന്തിൽ പരിക്കേൽക്കുകയും, മൈതാനം വിടുകയും ചെയ്യേണ്ടിവന്നു. 193 റൺസ് രണ്ടാം ഇന്നിങ്സിൽ വിൻഡിസ് നേടിയതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 226 റൺസായി മാറുകയായിരുന്നു. വളരെ പ്രതീക്ഷയോടെ തന്നെയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്.
ഒരു വശത്ത് സ്റ്റീവൻ സ്മിത്ത് ക്രീസിൽ ഉറച്ചു. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. എന്നാൽ നാലാമനായിറങ്ങിയ ക്യാമറോൺ ഗ്രീൻ(42) ക്രീസിലുറച്ചതോടെ ഓസ്ട്രേലിയ വിജയലക്ഷ്യം അനായാസം മറികടക്കും എന്ന് തോന്നലുണ്ടായി. പക്ഷേ ഷമാർ ജോസഫ് ഒരു തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനവുമായി തിരിച്ചെത്തുകയായിരുന്നു. തലേന്ന് പരിക്കേറ്റ ജോസഫിന്റെ മറ്റൊരു മുഖമാണ് കാണാൻ സാധിച്ചത്.
ഓസ്ട്രേലിയയുടെ ഓരോ ബാറ്റർമാരെയും സമ്മർദ്ദത്തിലാക്കി വിക്കറ്റുകൾ സ്വന്തമാക്കാൻ ജോസഫിന് സാധിച്ചുm ക്യാമറോൺ ഗ്രീൻ, ട്രാവിസ് ഹെഡ്(0) മിച്ചൽ മാർഷ്(10) അലക്സ് കയറി(2) മിച്ചൽ സ്റ്റാർക്ക്(21) പാറ്റ് കമ്മിൻസ്(2) എന്നീ അപകടകാരികളായ ബാറ്റർമാരുടെ വിക്കറ്റാണ് ഷമാർ ജോസഫ് രണ്ടാം ഇന്നിങ്സിൽ എറിഞ്ഞിട്ടത്.
ഇതോടെ മത്സരത്തിൽ വിൻഡീസ് ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. ഒരുവശത്ത് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയക്കായി രക്ഷകന്റെ ഇന്നിംഗ്സ് കളിച്ചങ്കിലും മറുവശത്ത് ജോസഫിന്റെ പ്രകടനം വിൻഡീസിന് പ്രതീക്ഷകൾ നൽകി. അത്യന്തം ആവേശകരമായ മത്സരത്തിൽ അവസാനം 8 റൺസിന് വിൻഡിസ് വിജയം കാണുകയായിരുന്നു.
ഓസ്ട്രേലിയക്കായി 91 റൺസ് നേടിയ സ്മിത്ത് പുറത്താവാതെ നിന്നു. എന്നാൽ മറുവശത്ത് 7 വിക്കറ്റുകളുമായി ജോസഫ് ഓസീസിന്റെ അന്തകനായി മാറി. ഇങ്ങനെ ചരിത്രവിജയം വിൻഡിസ് സ്വന്തമാക്കി.