ഇംഗ്ലണ്ടിന്‍റെ വമ്പന്‍ തിരിച്ചുവരവ്. ഹൈദരബാദില്‍ ബാറ്റിംഗ് ദുരന്തം. ഇന്ത്യക്ക് 28 റണ്‍സ് പരാജയം.

england 2024

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടും വളരെ ദയനീയമായി മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയപ്പെടേണ്ടിവന്നു. അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 231 റൺസായിരുന്നു.

എന്നാൽ വലിയൊരു ബാറ്റിംഗ് ദുരന്തമാണ് ഇന്ത്യയെ കാത്തിരുന്നത്. കേവലം 117 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യക്ക് മുൻനിരയിലെ 7 വിക്കറ്റുകൾ നഷ്ടമായി. ശേഷം അശ്വിനും ഭരതും ഇന്ത്യയെ കൈപിടിച്ചു കയറ്റാൻ ശ്രമിച്ചു. മികച്ച ഒരു കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ ഇരുവരും കെട്ടിപ്പടുത്തെങ്കിലും, ഇംഗ്ലണ്ട് അതിവിദഗ്ധമായി ഇത് പൊളിക്കുകയായിരുന്നു.

മത്സരത്തിൽ 28 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ വിജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 246 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബാറ്റർമാർ നൽകിയത്. ഇന്ത്യക്കായി ജയസ്വാൾ(80) രാഹുൽ(86) രവീന്ദ്ര ജഡേജ(87) എന്നിവർ ആദ്യ ഇന്നിംഗ്സിൽ അർത്ഥസെഞ്ച്വറികൾ സ്വന്തമാക്കി.

ഇതോടെ ഇന്ത്യ 436 എന്ന ആദ്യ ഇന്നിങ്സ് സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 190 റൺസിന്റെ ലീഡും ഇന്ത്യയ്ക്ക് ലഭിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തങ്ങളുടെ ബാസ്ബോൾ തന്ത്രം പുറത്തെടുക്കുന്നതാണ് കാണാൻ സാധിച്ചത്.

മൂന്നാമനായി ക്രീസിലെത്തിയ ഓലി പോപ്പിന്റെ മികവിൽ ഇംഗ്ലണ്ട് തങ്ങളുടെ സ്കോറിങ് ഉയർത്തി. രണ്ടാം ഇന്നിങ്സിൽ 278 പന്തുകൾ നേരിട്ട പോപ്പ് 21 ബൗണ്ടറികളടക്കം 196 റൺസ് നേടുകയുണ്ടായി. ഒപ്പം ഇംഗ്ലണ്ടിന്റെ വാലറ്റത്തെ ബാറ്റർമാരും പോപ്പിന് മികച്ച പിന്തുണ നൽകി. ഇതോടെ ഇംഗ്ലണ്ട് 420 എന്ന ശക്തമായ സ്കോർ സ്വന്തമാക്കുകയായിരുന്നു.

See also  ഇംഗ്ലണ്ടിനെതിരെ ക്ലാസ്സ് സെഞ്ച്വറി നേടി ജഡേജ.. വേദനയായി സർഫറാസ് ഖാന്റെ വിക്കറ്റ്..

ഇന്ത്യയുടെ അവസാന ഇന്നിംഗ്സിലെ വിജയലക്ഷ്യം 231 റൺസായി മാറി. സ്പിന്നിനെ പൂർണമായും അനുകൂലിക്കുന്ന പിച്ചിൽ കരുതലോടെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ആരംഭിച്ചത്. എന്നാൽ മറുവശത്ത് ജെയ്സ്വാളിന്റെ(15) വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ഒപ്പം ഗില്ലും(0) കൂടാരം കയറിയതോടെ ഇന്ത്യ പതറുകയായിരുന്നു.

പിന്നാലെ തുടർച്ചയായി ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 39 റൺസ് നേടിയ രോഹിത് ശർമയും മടങ്ങി. 231 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഒരു സമയത്ത് 119ന് 7 എന്ന നിലയിൽ തകർന്നടിക്കുന്നതാണ് കാണാൻ സാധിച്ചത്. പ്രധാനമായും ഇന്ത്യയുടെ മനോഭാവത്തിലെ പ്രശ്നങ്ങളായിരുന്നു ഇത്തരമൊരു തകർച്ചയ്ക്ക് കാരണം. ഇംഗ്ലണ്ടിന്റെ മനോഭാവത്തിന് വിപരീതമായി വളരെ പ്രതിരോധാത്മകമായാണ് ഇന്ത്യ കളിച്ചത്.

ഇത് ഇംഗ്ലണ്ട് ബോളർമാർക്ക് വിക്കറ്റുകൾ നേടാൻ അവസരങ്ങൾ നൽകി. എന്നാൽ എട്ടാം വിക്കറ്റിൽ അശ്വിനും ഭരതും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റി. നിർണായക സാഹചര്യത്തിൽ ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ കെഎസ് ഭരതിന്റെ വിക്കറ്റ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു.

ഇതോടെ ഇന്ത്യ മത്സരത്തിൽ വീണ്ടും സമ്മർദ്ദത്തിലായി. പിന്നാലെ അശ്വിനും മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. നാലാം ദിനം മത്സരം 30 മിനിറ്റ് കൂട്ടി എടുത്തു. സിറാജും – ബുംറയും റണ്‍സ് കണ്ടെത്തിയെങ്കിലും അവസാന ഓവറില്‍ സിറാജിന്‍റെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് വിജയം നേടി. ഇംഗ്ലണ്ടിനായി ഹാർട്ട്ലീ രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റുകൾ സ്വന്തമാക്കി.

Scroll to Top