ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയക്ക് കിരീടം. അവസാന ദിനത്തില്‍ 164 ന് 3 എന്ന നിലയില്‍ നിന്നും ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ സെഷനില്‍ തന്നെ തോല്‍വി സമ്മതിച്ചു. 444 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 234 റണ്‍സില്‍ എല്ലാവരെയും നഷ്ടമായി. 210 റണ്‍സിന്‍റെ വിജയവുമായാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കള്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).
മത്സരത്തിന്റെ അഞ്ചാം ദിവസം വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ ഓസ്ട്രേലിയൻ ബോളർമാർ യാതൊരു തരത്തിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ(49) കൂടാരം കയറ്റാൻ ബോളണ്ടിന് സാധിച്ചു. ഒപ്പം അതിനുശേഷം രവീന്ദ്ര ജഡേജ കൂടി പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ പതറുകയായിരുന്നു.
ഇന്ത്യക്കായി അഞ്ചാം ദിവസം അജിങ്ക്യ രഹാനെ(46) അല്പസമയം ക്രീസിൽ പിടിച്ചുനിന്നു. 46 റൺസ് നേടിയ രഹാനെ കൂടി പുറത്തായതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായും അസ്തമിച്ചത്. കീപ്പർ ഭരത് 41 പന്തിൽ 23 റൺസ് നേടി പൊരുതാൻ ശ്രമിച്ചെങ്കിലും വിജയം ഒരുപാട് ദൂരത്തിൽ ആയിരുന്നു. അങ്ങനെ ഇന്ത്യൻ ഇന്നിങ്സ് 234 റൺസിൽ അവസാനിച്ചു.
ഓസ്ട്രേലിയക്കായി ലയണ്‍ 4 വിക്കറ്റ് വീഴ്ത്തി. ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് 2 വിക്കറ്റും വീഴ്ത്തി.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 469 റൺസായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ സ്കോർ മറികടക്കാൻ ഇന്ത്യ ആദ്യ ഇന്നിങ്സിൽ ബുദ്ധിമുട്ടിയിരുന്നു. കേവലം 296 റൺസ് മാത്രമാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. ഇതോടെ 173 റൺസിന്റെ ലീഡും ഓസ്ട്രേലിയ സ്വന്തമാക്കുകയുണ്ടായി. ഒപ്പം രണ്ടാം ഇന്നിങ്സിൽ 270 റൺസ് ഓസ്ട്രേലിയ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ വിജയലക്ഷം 444 റൺസായി മാറുകയായിരുന്നു
ഇന്ത്യയെ സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പരാജയമറിയുന്നത്. 2021ലെ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനോട് ആയിരുന്നു ഇതിനു മുൻപ് ഇന്ത്യ പരാജയമറിഞ്ഞത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനം തന്നെയാണ് ടെസ്റ്റ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. ടീം സെലക്ഷൻ അടക്കമുള്ള കാര്യങ്ങളിൽ പോലും ഇന്ത്യയ്ക്ക് വന്ന വലിയ പിഴവുകൾ മത്സരത്തിൽ ബാധിച്ചു. വർഷങ്ങൾക്കിപ്പുറം ഐസിസി കിരീടം സ്വന്തമാക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഈ പരാജയത്തോടെ വീണുടഞ്ഞിരിക്കുന്നത്.