പരാജയകാരണം രോഹിത്തിന്റെ ആ മണ്ടൻ തീരുമാനം. കാട്ടിയത് വലിയ അബദ്ധം.

ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു നിരാശാജനകമായ ദിവസം കൂടി കടന്നു പോയിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം മറ്റൊരു ഐസിസി കിരീടം സ്വപ്നം കണ്ട് മൈതാനത്തിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ദിവസം നിരാശ മാത്രമായിരുന്നു ഫലം. അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ പൊരുതാൻ പോലും തയ്യാറാകാതെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി ഓസ്ട്രേലിയക്ക് വിട്ടു നൽകിയിരിക്കുകയാണ്. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് ചില സമയങ്ങളിലെ തീരുമാനങ്ങൾ തന്നെയായിരുന്നു. ടീമിന്റെ പോരായ്മകളും നായകത്വത്തിൽ വന്ന പിഴവുമൊക്കെ ഇന്ത്യൻ പരാജയത്തിന് വലിയ കാരണമായി മാറി.

മത്സരത്തിലെ തോൽവിയുടെ കാരണങ്ങൾ പലരും അന്വേഷിക്കുകയാണ്. ഇതിൽ എടുത്തുപറയേണ്ടത് ടോസ് സമയത്ത് രോഹിത് ശർമ ബോൾ ചെയ്യാൻ എടുത്ത തീരുമാനം തന്നെയായിരുന്നു. ഓവൽ പോലെ ബാറ്റർമാർക്ക് അനുകൂലമായ ഒരു പിച്ചിൽ എന്തിനാണ് ഇന്ത്യ ആദ്യം ബോളിംഗ് തിരഞ്ഞെടുത്തത് എന്നത് തിരിച്ചറിയാനാവാത്ത ഒരു കാര്യം തന്നെയാണ്. ഒരുപക്ഷേ രോഹിത് കരുതിയത് മൂടികെട്ടിയ അന്തരീക്ഷത്തിൽ ബാറ്റിംഗ് ദുഷ്കരമാവും എന്നതാവും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല നടന്നത് ഈ തീരുമാനം ഇന്ത്യയെ മത്സരത്തിൽ വലിയ രീതിയിൽ തന്നെ പിന്നോട്ടടിക്കുകയുണ്ടായി.

ഇത്തരത്തിൽ ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചതിലൂടെ മത്സരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ ഇന്ത്യ നന്നായി കഷ്ടപ്പെട്ടു. അവസാന രണ്ട് ദിവസങ്ങളിൽ സ്പിൻ ബോളർമാർക്ക് മികച്ച രീതിയിലുള്ള ടേൺ പിച്ചിൽ നിന്ന് ലഭിക്കുകയുണ്ടായി. ഈ സമയത്ത് ബാറ്റ് ചെയ്യേണ്ടി വന്നത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചു. ഒരുപക്ഷേ ടോസ് നേടിയ ഇന്ത്യ അന്ന് ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നെങ്കിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറിയേനെ. ആ സമയത്ത് ആദ്യദിനത്തിലെ ആദ്യ സെക്ഷൻ മറികടക്കുക എന്നത് മാത്രമായിരുന്നു രോഹിത്തിന്റെ ലക്ഷ്യം. അത് ഇന്ത്യയുടെ പരാജയത്തിൽ വലിയൊരു കാരണമായി മാറി.

ഓവലിൽ ഇതുവരെ 38 തവണ വിജയികൾ ആയിട്ടുള്ളത് ആദ്യം ബാറ്റ് ചെയ്ത ടീമുകൾ ആയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ ഇതുവരെ വിജയിച്ചിട്ടുള്ളത് കേവലം 27 തവണ മാത്രമാണ്. എന്തായാലും മത്സരത്തിൽ 209 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. ബാറ്റിംഗിൽ മുൻനിര കൂപ്പുകുത്തി വീണതാണ് ഇന്ത്യയെ വലിയ രീതിയിൽ തിരിച്ചടിച്ചത്. മാത്രമല്ല ഓസ്ട്രേലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുത്തപ്പോഴൊക്കെയും ഇന്ത്യൻ ബോളർമാർ നിസ്സഹായരായി മാറുന്നതും മത്സരത്തിൽ കണ്ടിരുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യൻ നിരയുടെ പോരായ്മകൾ തന്നെയാണ്.