സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലും പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റർമാരും ബോളർമാരും ഒരേപോലെ മോശം പ്രകടനം കാഴ്ചവച്ചതോടെയാണ് മത്സരത്തിൽ ഇന്ത്യ പരാജയം നേരിട്ടത്. മത്സരത്തിൽ 141 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഇന്ത്യ കേവലം 157 റൺസിൽ പുറത്താവുകയുണ്ടായി.
ശേഷം മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയുടെ ബാറ്റർമാർ മികവ് പുലർത്തിയതോടെ ഇന്ത്യൻ നിര തകർന്നുവീണു. നായകൻ ബുമ്രയുടെ അഭാവം മൂന്നാം ദിവസം ഇന്ത്യയെ ശക്തമായി ബാധിച്ചു. ഈ പരാജയത്തോടെ ഇന്ത്യ ലോക ടെസ്റ്റിൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട്.
മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ആരംഭിച്ചത്. എന്നാൽ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്കായി ഒരു ബാറ്റർ പോലും മികവ് പുലർത്തിയില്ല. മറുവശത്ത് ഓസ്ട്രേലിയയുടെ പേസർമാർ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 157 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കായി സ്കോട്ട് ബോളണ്ട് 6 വിക്കറ്റുകളും നായകൻ കമ്മിൻസ് 3 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷം 162 റൺസായി മാറുകയായിരുന്നു.
അവസാന ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം നൽകുക എന്ന ലക്ഷ്യമായിരുന്നു ഓപ്പണർമാർക്ക് ഉണ്ടായിരുന്നത്. കോൺസ്റ്റസ് പതിവുപോലെ ആക്രമിച്ചാണ് തുടങ്ങിയത്. എന്നാൽ പ്രസീദ് കൃഷ്ണയുടെ പന്തിൽ വാഷിംഗ്ടൺ സുന്ദറിന് ക്യാച്ച് നൽകി കോൺസ്റ്റസ് പുറത്താവുകയായിരുന്നു. 17 പന്തുകളിൽ 22 റൺസാണ് യുവതാരം നേടിയത്. ശേഷം അപകടകാരിയായ ലബുഷൈനെ പുറത്താക്കാനും പ്രസീദ് കൃഷ്ണയ്ക്ക് സാധിച്ചു. പിന്നാലെ സ്മിത്തും മടങ്ങിയതോടെ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു. ഈ സമയത്ത് ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നു.
പക്ഷേ പിന്നീട് ഉസ്മാൻ ഖവാജയും ട്രാവിസ് ഹെഡും ഇന്ത്യയ്ക്കെതിരെ ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്തു. അത് ഇന്ത്യൻ ബോളർമാരെ ബാധിക്കുകയായിരുന്നു. ബുമ്രയുടെ അഭാവം മത്സരത്തിന്റെ മൂന്നാം ദിവസം പ്രതിഫലിച്ചിരുന്നു. ഖവാജ 41 റൺസ് നേടി പുറത്തായെങ്കിലും ഓസ്ട്രേലിയ വിജയത്തിന് അടുത്തേക്ക് നീങ്ങുകയുണ്ടായി. ശേഷം അഞ്ചാം വിക്കറ്റിൽ ട്രാവസ് ഹെഡ്(34) വെബ്സ്റ്ററിനെ(35) കൂട്ടുപിടിച്ച് ഓസ്ട്രേലിയയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ബോർഡർ- ഗവാസ്കർ ട്രോഫി 3- 1 എന്ന നിലയിൽ സ്വന്തമാക്കാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചു.