ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം കൃത്യമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ കേവലം 263 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിങ്ങിൽ മികവു കാട്ടിയ മുഹമ്മദ് ഷാമിയുടെയും രവീന്ദ്ര ജഡേജയുടെയും രവിചന്ദ്രൻ അശ്വിന്റെയും അസാമാന്യ പ്രകടനങ്ങളാണ് ഇന്ത്യയെ മത്സരത്തിന്റെ ആദ്യദിവസം ആധിപത്യത്തിൽ എത്തിച്ചത്. 263 എന്ന സ്കോറിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യദിവസം കളി നിർത്തുമ്പോൾ 21-0 എന്ന നിലയിലാണ്. (രോഹിത് – 13* കെല്‍ രാഹുല്‍ – 4*)
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് ആയിരുന്നു കണ്ടത്. ആദ്യ ടെസ്റ്റിലെ പോലെ വലിയ തിടുക്കം കാട്ടാതെ, പിഴവുകൾ ആവർത്തിക്കാതെ തന്നെയാണ് ഓസ്ട്രേലിയ കളിച്ചു തുടങ്ങിയത്. ഉസ്മാൻ ഖവാജയായിരുന്നു ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഖവാജ മത്സരത്തിൽ 81 റൺസ് നേടുകയുണ്ടായി. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ അശ്വിന് സാധിച്ചതോടെ ഓസ്ട്രേലിയ വീണ്ടും തകരുന്നതിന്റെ സൂചനകൾ ലഭിച്ചു.
ഖവാജയ്‌ക്കൊപ്പം ഹാൻസ്കോമ്പു കൂടി ചേർന്നതോടെ ഓസ്ട്രേലിയൻ സ്കോർ 200 റൺസ് കടക്കുകയായിരുന്നു. ഹാൻസ്കോമ്പ് ഇന്നിങ്സിൽ 72 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷാമി നാല് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഒപ്പം ആദ്യ ടെസ്റ്റിന് സമാനമായ രീതിയിൽ അശ്വിനും ജഡേജയും മൂന്നു വിക്കറ്റുകൾ വീതം നേടി
ആദ്യ ഇന്നിങ്സിൽ കേവലം 263 റൺസ് മാത്രമാണ് ഓസീസ് നേടിയിരിക്കുന്നത്. നാഗ്പൂർ ടെസ്റ്റിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചമുണ്ടെങ്കിലും, വലിയ രീതിയിൽ സ്പിന്നിനെ അനുകൂലിക്കാത്ത ഡൽഹിയിലെ ആദ്യദിവസത്തെ വിക്കറ്റിൽ, ഇതത്ര മികച്ച സ്കോറല്ല. അതിനാൽ തന്നെ രണ്ടാം ദിവസം ഏറ്റവും മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന് വലിയൊരു ലീഡ് സ്വന്തമാക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്.